മല്ലപ്പള്ളി: വാഹന പരിശോധന നടക്കുന്ന സ്ഥലം ഹെഡ് ലൈറ്റ് മിന്നിച്ചും, ആംഗ്യഭാഷയിലും എതിരെ വരുന്നവരെ അറിയിക്കാൻ അസാമാന്യ സന്മനസ്സാണ് മലയാളികൾ കാട്ടുന്നത്. ഈ സ്നേഹവായ്പും സഹോദര്യ മനസ്ഥിതിയും, കരുതലും റോഡിൽ മറ്റ് വാഹനങ്ങളോട് കാണിക്കാൻ തയ്യാറായാൽ അപകടങ്ങൾ ഇന്നത്തേതിന്റെ നാലിലൊന്നായി കുറയുമെന്ന്
മല്ലപ്പള്ളി ജോയിന്റ് ആർടിഓ എം.ജി. മനോജ് പറഞ്ഞു. ജില്ലാ എജ്യു. ഫെസ്റ്റ് – പുസ്തകമേളയിൽ നടന്ന സുരക്ഷാ സെമിനാർ
ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം. നിയമപാലകരെ മറികടക്കാൻ മാത്രമാണ് റോഡിലെ കൂട്ടായ്‌മ. അല്ലാത്തപ്പോൾ മത്സരവും വൈരവും മാത്രമാണ് വാഹനമോടിക്കുന്നവർക്ക്. നികുതി അടയ്ക്കാനും ലൈസൻസും ഇൻഷുറൻസും പുതുക്കാനും മാതാപിതാക്കൾ മറന്നുപോയേക്കാം. അതിനാൽ വാഹന രേഖകൾ എടുത്ത് നോക്കാൻ കൂടി കുട്ടികൾ ഇനി ഉത്തരവാദിത്തമേൽക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
തുടർന്ന് മല്ലപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഐ.നൗഷാദ്
ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി സംസാരിച്ചു.
ലഹരിയുടെ ദൂഷ്യവശങ്ങൾ
കുട്ടികളെ മനസിലാക്കാൻ അഞ്ചാം ക്ലാസ് മുതൽ ഈ വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. യുവനായകന്മാർ മയക്കുമരുന്നും ലഹരിയും ഉപയോഗിക്കുന്ന ദൃശ്യങ്ങളും അവരുടെ വീരസാഹസങ്ങളും കുട്ടികളുടെ മനസ്സിൽ ആഴത്തിൽ വേരുപിടിക്കുന്നുണ്ട്. ഇവയുടെ ദുരന്തമുഖം വ്യക്തമാക്കുന്ന തരത്തിൽ സിനിമകൾ എടുക്കുവാനുള്ള നീക്കമുണ്ടാവണമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ അഭിപ്രായപ്പെട്ടു. കീഴ്വായ്പൂര് പോലീസ് സബ് ഇൻസ്‌പെക്ടർ പി.പി. മനോജും സംസാരിച്ചു.
വാഹന പരിശോധന അറിയിക്കുന്നതിലെ സ്നേഹം വാഹനമോടിക്കുമ്പോഴും കാട്ടണേ; മല്ലപ്പള്ളി ജോയിന്റ് ആർടിഓ എം.ജി. മനോജ്
Advertisements