മല്ലപ്പള്ളി : കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോൾ അധികൃതരുടെ അനാസ്ഥ മൂലം ദിവസവും പൈപ്പ് പൊട്ടൽ കാരണം റോഡിലൂടെ ഒഴുകി പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ്. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ചോർച്ച പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസം പടുതോട് പാലത്തിനു സമീപം പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകി. മാസങ്ങൾക്ക് മുൻപും ഇവിടെ പൈപ്പ് പൊട്ടൽ ഉണ്ടായതാണ്. ചെറിയ ചോർച്ച രൂപപ്പെട്ട് വെള്ളം നഷ്ടപ്പെടുന്നുണ്ടെങ്കിലും അതൊന്നും തിരിഞ്ഞു നോക്കാറില്ല. പ്രധാന പൈപ്പുകളിൽ ഉണ്ടാകുന്ന തകരാറുകളാണെങ്കിൽ പൈപ്പ് പൊട്ടൽ സംഭവിച്ച് ദിവസങ്ങൾ കഴിയുമ്പോഴാണ് തകരാർ പരിഹരിക്കാനായി അധികൃതർഎത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. എഴുമറ്റൂർ വായനശാല ജംഗ്ഷനിലും പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ളം റോഡിലൂടെ ഒഴുകുകയായിരുന്നു. തകരാർ പരിഹരിച്ച് ജലവിതരണം പുനരാരംഭിച്ച് ദിവസങ്ങൾ കഴിയും മുൻപേ വിണ്ടും പൈപ്പ് പൊട്ടൽ ആവർത്തിക്കുന്ന സ്ഥിതിയാണ്. ഇതുകാരണം ഉയർന്ന പ്രദേശങ്ങളിൽ മിക്കപ്പോഴും പൈപ്പ് ലൈനിയുടെ വെള്ളമെത്താറില്ല. പൈപ്പുകളുടെ കാലപ്പഴക്കമാണ് ഇതിന് പ്രധാന കാരണമാകുന്നത്. കാലപ്പഴക്കവും ഗുണനിലവാരവും കുറഞ്ഞ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ഉപഭോക്താക്കളുടെ ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടാകാറില്ല. പൈപ്പ് പൊട്ടലിന് പരിഹാരം കാണാൻ കഴിയാത്തത് അധികൃതരുടെ അനാസ്ഥകാരണമാണെന്നാണ് നിലവിലുള്ള പരാതി.