ചെന്നൈ: കടലൂരിൽ ഒരുകുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന് കത്തിച്ചത് തന്റെ അമ്മയുടെ മരണത്തിനുള്ള പ്രതികാരമായിരുന്നെന്ന് അറസ്റ്റിലായ യുവാവ് പോലീസിന് മൊഴിനൽകി. കരമണിക്കുപ്പം സ്വദേശി ശങ്കർ ആനന്ദ് (21) ആണ് കൊലക്കേസിൽ പിടിയിലായത്. കൊലയ്ക്ക് കൂട്ടുനിന്നതിന് സുഹൃത്ത് ഷാഹുൽ അഹമ്മദും (20) അറസ്റ്റിലായിട്ടുണ്ട്.
ശങ്കറിന്റെ അയൽവാസിയും ഐ.ടി. ജീവനക്കാരനുമായ സുതൻ കുമാർ, അമ്മ കമലേശ്വരി, മകൻ നിശാന്ത് എന്നിവരെയാണ് കത്തിക്കരിഞ്ഞനിലയിൽ വീട്ടിൽ കണ്ടെത്തിയത്. അയൽവീടുകളിൽനടത്തിയ അന്വേഷണത്തിലാണ് ശങ്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശങ്കറിന്റെ അമ്മ ഈവർഷം ജനുവരിയിൽ തീവണ്ടിക്കുമുന്നിൽച്ചാടി മരിച്ചിരുന്നു. സുതൻ കുമാറുമായി ഇവർക്ക് രഹസ്യബന്ധമുണ്ടായിരുന്നെന്നും അതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും പോലീസ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മയുടെ മരണത്തിന് കാരണക്കാരൻ സുതൻ ആണെന്നതുകൊണ്ടാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന് ശങ്കർ പറഞ്ഞു. ജൂലായ് 12-ന് രാത്രിയാണ് സുതൻകുമാറിനെയും കുടുംബാംഗങ്ങളെയും ശങ്കർ വെട്ടിക്കൊന്നത്. 14-നാണ് മൃതദേഹങ്ങൾ കത്തിച്ചത്. ഷാഹുലാണ് ഇതിനു സഹായംനൽകിയത്. കൊലനടത്തുന്നതിനിടെ ശങ്കറിന്റെ കൈവിരൽ അറ്റുപോയിരുന്നു. വീട്ടിൽ ചോരപ്പാടുകൾ കണ്ടതും ശങ്കർ സ്ഥലംവിട്ടതുമാണ് പോലീസിന് അന്വേഷണത്തിന് തുമ്ബായത്. രണ്ടുതവണ വിവാഹമോചനംനേടിയ ആളാണ് കൊല്ലപ്പെട്ട സുതൻകുമാറെന്ന് പോലീസ് പറഞ്ഞു.