ചിറക്കടവ്: ദേവീ ഭക്തിയുടെ പൂർണ്ണഭാവത്തോടെ വെള്ളിയാഴ്ച രാവിലെ പ്രതിഷ്ഠാദിനത്തിൽ മണക്കാട്ടമ്മയുടെ തിരുനടയിൽ അരങ്ങേറിയ തോറ്റംപാട്ട് അനുഷ്ഠാന വിശേഷമായി. തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ അപൂർവ്വമായി മാത്രം നടത്താറുള്ള തോറ്റംപാട്ട് പാരമ്പര്യശൈലിയിൽ തന്നെ കേട്ടപ്പോൾ ഭക്തമനസ്സുകളിൽ ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ ഭാവരൂപങ്ങൾ മാറിമറിഞ്ഞു.
കൊടുങ്ങല്ലൂരമ്മയുടെ സങ്കല്പത്തിലുള്ള സാക്ഷാൽ ഭദ്രാകളിയുടെ അവതാര കഥയാണ് തോറ്റംപാട്ടിലൂടെ പാരമ്പര്യ അവകാശികളായ അയ്മനം കേശവ് കലാലയത്തിൻറെ നേതൃത്വത്തിൽ പാടിയത്. താളവാദ്യസമന്വയത്തോടെ ആയിരുന്നു ആലാപനം.
തിരുനടയിൽ ചുവപ്പുപട്ടുവിരിച്ച് ഒരുക്കുന്ന പീഠത്തിലേക്ക് ശ്രീലകത്തുനിന്ന് ഭദ്രയെ ആവാഹിച്ചിരുത്തുന്നു. ഭദ്രദീപത്തിനു മുൻപിൽ അവൽ, മലർ, ശർക്കര, മുന്തിരി, പഴങ്ങൾ എന്നിവയുടെ പ്രസാദക്കൂട്ട് ഉണ്ടാകും. ദേവിയുടെ അരപ്പട്ടയിലെ ഓട്ടുമണികളുടെ കിലുക്കത്തോടെ ഉള്ളതാണ് താളവാദ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഖിലിത തോറ്റംപാട്ടുകളുടെ രാഗശോഭയോടെയുള്ള ആവിഷ്കാരം അവകാശികളായ കുടുംബക്കാർക്ക് ഉള്ളതാണ്. പാട്ടുകാർ ചുവന്ന പട്ടുടുത്ത് കഴുത്തിൽ രുദ്രാക്ഷമണിഞ്ഞ് ചുവപ്പുഷാൾ ചുറ്റി ദേവിയെ പ്രണമിച്ചാണ് ആലാപനം തുടങ്ങുന്നത്. മൂന്നുദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ് അരങ്ങിലെത്തുന്നത്.
പള്ളിപ്പുറത്ത് കാവിൽ, കിളിരൂർ കുന്നിന്മേൽ തുടങ്ങിയ അമ്പലങ്ങളിലെ പാരമ്പര്യ അവകാശിയായിരുന്നഅയ്മനം പൊക്കത്തിൽ ചിറയിൽ കേശവൻറെ ഇളയ മകൻ പ്രസാദും സംഘവും അവതരിപ്പിച്ച തോറ്റംപാട്ട് പൈതൃകപ്പെരുമയായി. പ്രസാദിൻറെ ഭാര്യ സരസ്വതിയമ്മ പ്രാപ്പുഴ ബാബു എന്നിവരും ആലാപനത്തിൽ പങ്കെടുത്തു.
വിളിച്ചിരുത്ത്, ആകാരവർണ്ണന, കുടിയിരുപ്പ്, തട്ടാർനാട് എന്നിവയോടെ ആണ് തോറ്റംപാട്ട് കാളിനാടകത്തിൻറെ സമാപനം. പുലർച്ചെ അഷ്ടദ്രവ്യ ഗണപതിഹോമത്തിനു ശേഷം നടന്ന പ്രതിഷ്ഠാദിന പൂജകൾക്ക് തന്ത്രിമാരായ താമരക്കാട് ഇല്ലം സന്തോഷ് നമ്പൂതിരി, ആലുവ ചെങ്ങഴശ്ശേരി ഇല്ലം സന്തോഷ് നമ്പൂതിരി, മേൽശാന്തി കെ.എസ്. രഞ്ജിത് നമ്പൂതിരി എന്നിവർ കാർമ്മികരായി. മഹാഗുരുതിയും കലശവും കലശാഭിഷേകവും തൊഴുന്നതിന് നിരവധി ഭക്തർ എത്തിയിരുന്നു. നാരങ്ങാവിളക്കിനു ശേഷം അന്നദാനവും ഉണ്ടായിരുന്നു.