മണർകാട്: മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ പേരിൽ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങിയ ശേഷം, ഇത് റിട്ടേൺ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പൊലീസ് ഉദ്യോഗസ്ഥരുടെ പേരും പദവിയും ഉപയോഗിച്ച് ഫ്‌ലിപ്കാർട്ട് വഴി തട്ടിപ്പ് നടത്തിയ കൂത്താട്ടുകുളം മണ്ണത്തൂർ പെരിങ്ങാട്ടുപറമ്പിൽ വീട്ടിൽ സന്തോഷ് മകൻ നിമിൻ ജോർജ് സന്തോഷ് (22) എന്നയാളെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വ്യാജ പേരിൽ ആരക്കുന്നത്തുള്ള പ്രമുഖ ആശുപത്രിയുടെ വിലാസത്തിൽ ഫ്‌ലിപ്കാർട്ടിൽ നിന്ന് 1,84000 രൂപ വിലമതിക്കുന്ന ക്യാമറ ഓർഡർ ചെയ്തു.
ഇത് വാങ്ങിയശേഷം സി.ഐ ഓഫ് പൊലീസ് മണർകാട് എന്ന വ്യാജ പേര് ഉപയോഗിച്ച് ഈ ഓർഡർ ക്യാൻസൽ ചെയ്യുകയും തുടർന്ന് ഡെലിവറി റിട്ടേൺ എടുക്കാൻ വന്ന സമയത്ത് ഇയാൾ വാങ്ങിയ ക്യാമറക്ക് പകരം വിലകുറഞ്ഞ ഉപയോഗശൂന്യമായ സമാന രീതിയിലുള്ള ക്യാമറ തിരികെ നൽകുകയുമായിരുന്നു. ഇതിനെ തുടർന്ന് ഡെലിവറി ഏജന്റിന് സംശയം തോന്നുകയും പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് കൂടാതെ ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും കഞ്ചാവും പൊലീസ് പിടികൂടി. സമാന രീതിയിൽ ഇയാൾ മറ്റു സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനിൽ ജോർജ്, എസ് ഐ മാരായ ബിനു,അനിൽകുമാർ, പ്രസന്നൻ, സിവിൽ പൊലീസ് ഓഫിസർമാരായ സുധീഷ്, വിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.