എരുമേലി : ശബരിമല മണ്ഡല വിളക്ക് 2023-2024 മഹോത്സവത്തോടനുബന്ധിച്ച് ശക്തമായ പോലീസ് സന്നാഹം ഒരുക്കി അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശന സാഹചര്യമൊരുക്കിയതിന് ജില്ലാപോലീസിന് അംഗീകാരം . പമ്പയില്‍ വച്ചുനടന്ന ചടങ്ങില്‍ ബഹു.ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനില്‍ നിന്നും ജില്ലാ പോലിസിനുവേണ്ടി കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് പുരസ്‌കാരം ഏറ്റുവാങ്ങി. ഭക്തജനതിരക്ക് കൂടുതലായി അനുഭവപ്പെട്ടുവെങ്കിലും ഭക്തര്‍ക്ക് വളരെ സുഗമമായ രീതിയിലാണ് ഇത്തവണ ദർശന സാഹചര്യം ഒരുക്കിയത്. കാൽനടയാത്രക്കാരായ അയ്യപ്പഭക്തർ കൂടുതലായി പോകുന്ന വഴികളായ അഴുത, കാളകെട്ടി, കോയിക്കക്കാവ് മുതലായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസിന്റെ പ്രത്യേക നിരീക്ഷണവും കുടാതെ അയ്യപ്പ ഭക്തർ വിശ്രമിക്കുന്ന ഇടത്താവളങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷ ശക്തമാക്കുകയും, ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. കാൽനടയാത്രക്കാരായ അയ്യപ്പഭക്തന്മാർക്കായി റിഫ്ലക്റ്റിംഗ് സ്റ്റിക്കർ സംവിധാനങ്ങളും, അയ്യപ്പഭക്തരെ കയറ്റിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസും നല്‍കിയിരുന്നു.കൂടാതെ പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ ശക്തമായ സുരക്ഷാസംവിധാനം ഇത്തവണ ഒരുക്കിയിരുന്നു. മോഷണവും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന കൂടുതൽ ക്യാമറകളും അതിനായി സജ്ജീകരിച്ചിരിക്കുന്ന സ്പെഷ്യൽ കൺട്രോൾ റൂം തുടങ്ങി നിരവധി നൂതന സാങ്കേതിക വിദ്യകളാണ് ജില്ലാ പോലീസ് മണ്ഡലകാലത്തിനായി ഒരുക്കിയിരുന്നത്. ഇതു കൂടാതെ സുരക്ഷാ മുൻകരുതലെന്നോണം പോലീസ് വ്യോമ നിരീക്ഷണവും,ഡ്രോണ്‍ ഉപയോഗിച്ചുള്ള പ്രത്യേക നിരീക്ഷണവും നടത്തിവന്നിരുന്നു.