ദില്ലി: മുഖ്യമന്ത്രി രാജിവെച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു വിജ്ഞാപനം ഇറക്കിയത്. എൻ. ബിരേൻ സിങ് രാജിവെച്ചതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി നേതൃത്വം ചർച്ചകൾ നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താൻ സാധിച്ചില്ല. ഗവർണർ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചു. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി എംപി സംബിത് പാത്ര എംഎൽഎമാരുമായി നിരന്തരം ചർച്ചകൾ നടത്തിയെങ്കിലും കുക്കി എംഎൽഎമാരടക്കം രാഷ്ട്രപതി ഭരണം വേണമെന്ന നിലപാടെടുത്തു. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിച്ചതിന് ശേഷം പുതിയ സർക്കാറിനെ തീരുമാനിക്കുമെന്നാണ് ബിജെപി നേതൃത്വം അറിയിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രി സ്ഥാനം ബീരേൻ സിങ് രാജിവെച്ചെങ്കിലും ഇനി എന്ത് എന്നതിൽ ബിജെപിയിൽ ആശയക്കുഴപ്പം തുടര്ന്നിരുന്നു. കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയ സംബന്ധിച്ച് സമവായമായിരുന്നില്ല. ബിരേൻ സിങിന്റെ പിൻഗാമിയെ ചൊല്ലി വലിയ ചേരിപ്പോര് എംഎൽഎമാർക്കിടയിലുണ്ട്. സ്പീക്കർ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേൻ സിങ്ങ് അനുകൂലികൾ മറുവശത്തുമായാണ് ചരടുവലി നടക്കുന്നത്.
ഇതിനിടെയാണ് കൂടുതൽ അനിശ്ചിതത്വങ്ങളിലേക്ക് പോകുന്നതിന് മുമ്പ് തന്നെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. അതേസമയം, ബീരേന്റെ രാജി കൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടിട്ടില്ലെന്നുമാണ് കുക്കി സംഘടനയുടെ പ്രതികരണം.