മാന്നാനം : ക്രിസ്മസ് കാലത്ത് വിവിധതരം നക്ഷത്രങ്ങൾ വിപണി കീഴടക്കുകയും ഭംഗി കൊണ്ട് മനസ് കീഴടക്കുകയും ചെയ്യാറുണ്ട്. ഇത്തവണ ക്രിസ്മസ്സിനു മാന്നാനം വി. ചാവറ പിതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ നിർമ്മിച്ചു പ്രദർശിപ്പിച്ചിരിക്കുന്ന 45 അടിയിൽ അധികം ഉയരം വരുന്ന നക്ഷത്രം ശ്രദ്ധേയമായ കാഴ്ചയായി മാറുന്നു. പരമ്പരാഗത ശൈലിയിൽ നിന്നും വ്യത്യസ്തമായ ആകൃതിയിലും സാങ്കേതിക വിദ്യയിലും സിങ്കപ്പൂർ മാതൃക അവലംബിക്കുന്ന ഈ നക്ഷത്രം രാത്രിയിൽ കാഴ്ചക്കാർക്ക് ദൃശ്യവിരുന്നായി മാറുന്നു. സമുദ്രനിരപ്പിൽ നിന്നും താരതമ്യേന ഉയരം കൂടിയ മാന്നാനം കുന്നിൽ സ്ഥാപിക്കപ്പെട്ടിരുന്നതിനാൽ അതിവിദൂരതയിൽ നിന്ന് പോലും ഈ നക്ഷത്രം കണ്ട് ആസ്വദിക്കാൻ കഴിയുന്നു എന്നത് ഈ സ്റ്റാറിനെ സൂപ്പർ സ്റ്റാർ ആക്കി മാറ്റുന്നു. മാന്നാനം കുന്നിലെ ഈ ക്രിസ്മസ് സൂപ്പർ സ്റ്റാറിനെ കാണാൻ സായാഹ്നങ്ങളിൽ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നു.