മണർകാട് : സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിനു ഉപജീവനമാർഗ്ഗമൊരുക്കി മാതൃകയാകുകയാണ് മണർകാട് സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തകർ. അമ്മയും വിദ്യാർഥികളായ 4 പെൺ മക്കളും അടങ്ങുന്ന കുടുംബത്തിന് സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഉപജീവനത്തിനായി ഒരുക്കി നൽകിയത് ഒരു പെട്ടിക്കടയും വിൽപ്പനയ്ക്കായി കട നിറച്ച് സാധനങ്ങളും ആണ്. അമയന്നൂർ സെന്റ് തോമസ് എൽപി സ്കൂളിനു സമീപം റോഡരികിൽ പ്രവർത്തനം തുടങ്ങിയ ഈ പെട്ടിക്കടയിലെ പണപ്പെട്ടിയിൽ ഇനി വീഴുക കരുതലിന്റെയും സ്നേഹത്തിന്റെയും നാണയത്തുട്ടുകൾ കൂടിയാകും.
എൻഎസ്എസ് പ്രവർത്തനങ്ങളുടെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാഗമായി നടത്തുന്ന ഉപജീവനം പദ്ധതിയുടെ ഭാഗമായാണ് രോഗം മൂലം അതിജീവനത്തിന് കാത്തിരുന്ന കുടുംബത്തെ വിദ്യാർഥികൾ കണ്ടെത്തിയത് . വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ ഉൽപ്പാദിപ്പിക്കുന്ന തിളക്കം എന്ന പേരുള്ള ഡിഷ് വാഷ് വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ചാണ് പെട്ടിക്കട വാങ്ങുന്നതിനും സാധനങ്ങൾ വാങ്ങി നൽകുന്നതിനും തുക കണ്ടെത്തിയത്.
പ്രിൻസിപ്പൽ സോജി ഏബ്രഹാം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ്.സ്മിജ, വോളന്റിയർ ലീഡർ നിരഞ്ജന സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുടെ പ്രവർത്തനത്തിനു കൈത്താങ്ങുമായി പ്രോൽസാഹനം പകർന്നു.വിദ്യാർഥികളുടെ നന്മ നിറഞ്ഞ പ്രവർത്തനത്തിനു പ്രോൽസാഹനം പകർന്നു നാട്ടുകാരും ഈ പെട്ടിക്കടയിൽ എത്തി തുടങ്ങി. ചായ, ചെറു പലഹാരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ ഈ കടയിൽ ലഭിക്കും പെട്ടിക്കടയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം റെജി എം ഫിലിപ്പോസ് നിർവ്വഹിച്ചു.
സമൂഹത്തിനു മാതൃകയാകുന്ന പദ്ധതിയാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ സോജി ഏബ്രഹാം, ഗ്ലോബൽ ലൈഫ് ഓർഗനൈസേഷൻ മാനേജിംഗ് ഡയറക്ടർ ഫാ.മനോജ് സ്കറിയ എന്നിവർ പ്രസംഗിച്ചു.