കോട്ടയം: തകർന്നു കിടക്കുന്ന റോഡ് അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിനു നിവേദനം നൽകി പഞ്ചായത്ത് അംഗങ്ങൾ. മണർകാട് പാമ്പാടി ഗ്രാമപഞ്ചായത്തുകളിലൂടെ രണ്ടരകിലോമീറ്റർ ദൂരത്തിൽ കോട്ടയം – കുമളി റോഡിനെയും മണർകാട് കിടങ്ങൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അങ്ങാടിവയൽ – മാലം റോഡ് നാളുകളായി തകർന്നു കിടക്കുകയാണ്. മണർകാട് പള്ളി മണർകാട് ദേവീക്ഷേത്രം മറ്റു ആരാധനാലയങ്ങൾ, കോളേജുകൾ, സ്കൂളുകൾ മറ്റു നിരവധി സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലത്തേയ്ക്കുള്ള സഞ്ചാരമാർമായ ഈ പിഡബ്യുഡി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനു ബിഎംബിസി നിലവാരത്തിൽ ടാറിംങ് നടത്തി അടിയന്തരമായി ഇടപെടൽ നടത്തി പരിഹാരം കാണുന്നതിനു ആവശ്യപ്പെട്ടാണ് പഞ്ചായത്തംഗങ്ങൾ നിവേദനം നൽകിയത്.
പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ഒന്നാം വാർഡ് അംഗം ജിനു ഞാറയ്ക്കൽ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, ബ്ലോക്ക് അംഗം ബിജു തോമസ് , മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ.സി, വെള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എ വർഗീസ്, ടി.എസ് റെജി എന്നിവർ ചേർന്നാണ് മന്ത്രിയ്ക്കു നിവേദനം നൽകിയത്.