എരുമേലി : കോടമഞ്ഞു നിറയുന്ന വഴികളിലൂടെ മഴ നൂലുകളെ തൊട്ടറിഞ്ഞൊരു യാത്ര പോയാലോ..അതും വെറും 830 രൂപയ്ക്ക്. എങ്കിൽ ബാഗ് റെഡി ആക്കിക്കൊള്ളൂ.. എരുമേലി ഡിപ്പോയിൽ നിന്നും അടുത്ത ഞായർ രാവിലെ 4.45 ന് പുറപ്പെടുന്ന ബസിൽ സീറ്റ് പിടിക്കാൻ. മൺസൂൺ യാത്രയുടെ എല്ലാ ഭംഗിയും ആസ്വദിക്കാവുന്ന ചതുരംഗപ്പാറ ട്രിപ്പ് ആണ് കെ എസ് ആർ ടി സി എരുമേലി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. മഴക്കാലത്തു സമൃദ്ധമാകുന്ന ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ, കടന്ന് സംസ്ഥാനത്ത് ആദ്യം നിറയുന്ന ഡാമുകളിൽ ഒന്നായ കല്ലാർകുട്ടി ഡാം,ജല സമൃദ്ധമായ പൊന്മുടി ഡാം..സഞ്ചാരികൾക്ക് വത്യസ്ത അനുഭവമേകുന്ന കാഴ്ചകൾ ആണ് മഴക്കാല ടൂറിസത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്..
പാറ മുറിച്ചെടുത്ത വഴിയിലൂടെ പൊന്മുടി ഡാമിന് മുകളിലേക്കുള്ള ബസ് യാത്ര സഞ്ചാരികൾക്ക് മറക്കാൻ ആകാത്ത അനുഭവമേകും. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ എസ് എൻ പുരത്തെ റിപ്പിൾ വാട്ടർ ഫാൾസിൽ ജില്ലാ ടൂറിസം പ്രമോഷൻ ഒരുക്കിയിരിക്കുന്ന സാഹസിക ടൂറിസം വിഭവങ്ങളും കണ്ണിമാലി വ്യൂ പോയിന്റിൽ നിന്നുള്ള പൊന്മുടി ഡാമിന്റെ വിശാല കാഴ്ചകളി ലേയ്ക്കും എത്തിയതിനു ശേഷമാണ് തേയില തോട്ടങ്ങൾ പരവതാനി വിരിച്ച പൂപ്പാറയുടെ ഭംഗി നുകർന്ന് കാറ്റിന്റെ കോട്ടയിലേയ്ക്ക് ചതുരംഗപ്പാറയിലേക്ക് എത്തുന്നത്..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ഫ്ളൈറ്റിൽ നിന്നുള്ള കാഴ്ച പോലെ നോക്കെത്താ ദൂരത്തോളം പകർന്നു കിടക്കുന്ന തമിഴ്നാടിന്റെ ആകാശകാഴ്ചകൾ..താഴ് വരയിൽ നിന്നും എത്തുന്ന കോടമഞ്ഞിനെ കീറിമുറിച്ചു മേഘങ്ങളിലേക്ക് പറത്തി വിടുന്ന ഭീമൻ കാറ്റാടി യന്ത്രങ്ങൾ..
കാഴ്ചകൾ അവസാനിക്കുന്നില്ല..
വഴിയിൽ അരിക്കൊമ്പന്റെ ആവാസ കേന്ദ്രമായിരുന്ന ആനയിറങ്കൽ ഡാം.. കേരളത്തിലെ ഏറ്റവും മനോഹരമായ റോഡുകളിൽ ഒന്നായ മൂന്നാർ ഗ്യാപ് റോഡിലൂടെ മഞ്ഞിലൂടെ ഒപ്പം ഒരു യാത്ര..ലോക്ക് ഹാർട്ട്വ്യൂ വും റോക്ക് കേവും ഒക്കെ കടന്ന് സന്ധ്യ മയങ്ങുമ്പോൾ തിരിച്ച് എരുമേലിയിലേയ്ക്ക്..
സീറ്റുകൾ ഉറപ്പാക്കുന്നതിന്
9447287735
9061592069