മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ കേസ്ചുമത്തിയതു കാടത്തം:അഡ്വ.മോൻസ് ജോസഫ്

കോട്ടയം: ആലുവ-മൂന്നാർ പഴയ രാജപാതയിൽ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു സംഘടിപ്പിച്ച ജനകീയ കാൽനടയാത്ര സമരത്തിൽ പങ്കെടുത്ത കോതമംഗലം മുൻബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ കേസ് ചുമത്തിയതു കാടത്തമാണെന്നും അന്യായമായ ഈ നടപടി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. രാജപാത പൂർണമായും സഞ്ചാരയോഗ്യമാക്കി ജനങ്ങൾക്കു ഗതാഗതത്തിനു തുറന്നു നൽകി സർക്കാർ മാപ്പ് പറയണമെന്നും അദ്ദേഹംആവശ്യപ്പെട്ടു. മാർ പുന്നക്കോട്ടിൽ, ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെ 23 പേർക്കെതിരേ കേസ് എടുത്ത വനം വകുപ്പ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
വനം വകുപ്പിന്‍റെ അതിരുകടന്ന ഇടപെടലും അതിന്‍റെ അന്യായമായ അധികാര ദുർവിനിയോഗവും വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിരിക്കുന്നതു സർക്കാർ കണ്ണുതുറന്നു കാണണം. ഈ കാര്യത്തിൽ സർക്കാരിന്‍റെ മൗനം ഏറ്റവും വലിയ ക്രൂരതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനംവകുപ്പിന്‍റെയും വന്യ മൃഗങ്ങളുടെയും ക്രൂരതയും കടന്നുകയറ്റവും മൂലം തങ്ങൾക്ക് അവകാശപ്പെട്ട പട്ടയഭൂമിയിൽ സ്വൈരജീവിതം നഷ്‌ടപ്പെട്ട ജനതയാണു പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളോടുള്ള വെല്ലുവിളി എന്ന രീതിയിലുള്ള വനം വകുപ്പിന്‍റെ നടപടികള്‍ അങ്ങേയറ്റം അപലപനീയമാണെന്നും എംഎൽഎ പറഞ്ഞു.

Advertisements

Hot Topics

Related Articles