പാലാ . മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു. കാൻസർ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം മാർച്ച് 22 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിക്കും. മാർ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാല രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
5 വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ മാർ സ്ലീവാ മെഡിസിറ്റിയിൽ രാജ്യാന്തര നിലവാരമുള്ള കാൻസർ ചികിത്സ കേന്ദ്രത്തിനാണ് തുടക്കം കുറിക്കുന്നതെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. ആശുപത്രിയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന കാൻസർ റിസർച്ച് സെന്ററിനായി എല്ലാ സംവിധാനങ്ങളും കോർത്തിണക്കിയ ബഹുനില മന്ദിരമാണ് നിർമ്മിക്കുന്നത്. എൻ.എ.ബി.എച്ച് അക്രഡിറ്റേഷനുള്ള മാർ സ്ലീവാ മെഡിസിറ്റി നിലവിൽ 650 കിടക്കകളും 45 ചികിത്സ വിഭാഗങ്ങളുമുള്ള ആതുരശുശ്രൂഷ കേന്ദ്രമാണ്. നിലവിൽ മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ എന്നീ വിഭാഗങ്ങളുള്ള ആശുപത്രിയിൽ കീമോതെറാപ്പി ഉൾപ്പെടെ വിവിധ ചികിത്സകളും വിവിധ കാൻസർ ശസ്ത്രക്രിയകളും നടന്നു വരുന്നുണ്ട്. കാൻസർ രോഗം ബാധിച്ചവരെയും രോഗം ഭേദപ്പെട്ടവരെയും ഉൾപ്പെടുത്തി കാൻഹെൽപ് എന്ന കൂട്ടായ്മയും ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ആശുപത്രിയോട് അനുബന്ധിച്ചാണ് മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന് പുതിയ ബഹുനില മന്ദിരം ഉയരുക.