തിരുവല്ല: ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 9 മുതൽ 16 വരെ പമ്പാ മൺൽപുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ നടത്തപ്പെടും. മലങ്കരയുടെ 22-ാം മാർത്തോമ്മായും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരാമാദ്ധ്യക്ഷനുമായ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായുള്ള മാർത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 130-ാമത് മാരാമൺ കൺവൻഷന്റെ ലോഗോ പ്രകാശനം സംഘം പ്രസിഡന്റ് ഡോ.ഐസക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ നിർവ്വഹിച്ചു.
കൺവൻഷനു മുന്നോടിയായിട്ടുള്ള ക്രമീകരണങ്ങൾ അനുഗ്രഹീതമായി നടക്കുന്നു എന്ന് തിരുമേനി അറിയിക്കുകയും കൺവൻഷൻ സഭയ്ക്കും ദേശത്തിനും അനുഗ്രഹമായിത്തീരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ അദ്ധ്യക്ഷത വഹിച്ചു. ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വർഗീസ്, ട്രഷറാർ ഡോ.എബി തോമസ് വാരിക്കാട്, പബ്ലിസിറ്റി കൺവീനർമാരായ തോമസ് കോശി, റ്റിജു എം. ജോർജ്, കമ്മറ്റിയംഗങ്ങളായ പി.പി.അച്ചൻകുഞ്ഞ്, ഗീതാ മാത്യു, ജോർജ് കെ. നൈനാൻ, വർഗീസ് മാത്യു എന്നിവർ പങ്കെടുത്തു.