കോട്ടയം: സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ സ്മാരകമായി മരങ്ങാട്ടുപിള്ളി ആശുപത്രി.കിടത്തി ചികിത്സ ആരംഭിക്കും എന്ന പ്രഖ്യാപനങ്ങൾ കടലാസ്സിൽ ഒതുങ്ങി. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ സ്മാരകമാണ് ഈ ആശുപത്രിയെന്ന് യു.ഡി.എഫ് പറഞ്ഞു. സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ യു.ഡി.എഫും കോൺഗ്രസ്സും പ്രതിഷേധ പ്രകടനം നടത്തി. ഏതാനും ലക്ഷങ്ങൾ മുടക്കി റാംപ് പണിതാൽ തീർക്കാവുന്ന വിഷയത്തിന്റെ പേരിൽ ഇവിടെ കിടത്തി ചികിത്സ നിറുത്തിയിട്ട് രണ്ടു കൊല്ലം പൂർത്തിയായി എന്ന് മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് പറഞ്ഞു.
താഴത്തെ നിലയിലെ കാഷ്യാലിറ്റി റൂമിൽ താൽക്കാലിക കിടത്തി ചികിത്സ ആരംഭിക്കാനുള്ള ആശുപത്രി വികസന സമിതിയുടെ തീരുമാനവും പാഴ്വാക്കായി. ആശുപത്രി ഇപ്പോഴും വെറും കാഴ്ചവസ്തു മാത്രമാണ്. പ്രതിഷേധ ധർണ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ഉദ്ഘാടനം ചെയ്തു. മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. ജയിൻ ജി തുണ്ടത്തിൽ, കെ. വി മാത്യു, ആൻസമ്മ സാബു, ഫ്രാൻസിസ് മരങ്ങാട്ടുപിള്ളി, സാബു തെങ്ങുമ്പള്ളി, സണ്ണി വടക്കേടം, ജോസ് പാറയ്ക്കൽ, ചന്ദ്രൻ മലയിൽ, സിബു മാണി, നോബിൾ ആരംപുളിക്കൽ, ഔസേപ്പച്ചൻ, ബാബു കുറുങ്കണ്ണി, ജിസ് നെച്ചിമ്യാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.