പാലാ : കാൻസർ രോഗികൾക്കും രോഗമുക്തി നേടിയവർക്കും അതിജീവനത്തിന്റെ പുതിയ പാത തുറക്കാൻ ഉപകരിക്കുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാൻസർ സെൽഫ് ഹെൽപ് ഗ്രൂപ്പെന്നു ഗവ.ചീഫ് വിപ് ഡോ.എൻ.ജയരാജ് പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ലോക കാൻസർ ദിനാചരണം ഉദ്ഘാടനവും പുതിയതായി ആരംഭിക്കുന്ന കാൻസർ സെൽഫ് ഹെൽപ് ഗ്രൂപ്പിന്റെ ലോഞ്ചിംഗും നിർവ്വഹിക്കുകയായിരുന്നു ഗവ.ചീഫ് വിപ്. എല്ലാ വർഷവും ഫെബ്രുവരി 4 ലോക കാൻസർ ദിനമായി ആചരിച്ചു വരുന്നു. കാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിൽ ഒരുപാട് സാധ്യതകളുള്ള കാലഘട്ടമാണിത്. കാൻസറിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കാനും രോഗത്തെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താനും സമൂഹത്തെ പ്രാപ്തരാക്കാൻ വേണ്ടിയാണ് കാൻസർ ദിനാചരണം നടത്തുന്നത്.
കാൻസർ രോഗികൾക്കു ആവശ്യമായ ബോധവൽക്കരണവും മാനസിക പിൻബലവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് കാൻ ഹെൽപ് എന്ന പേരിൽ കാൻസർ സെൽഫ് ഹെൽപ് ഗ്രൂപ്പ് എന്ന നൂതന പ്രവർത്തനം മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്നത്. കാൻസർ രോഗം മാറിയവർക്കും നിലവിൽ ചികിത്സ തേടുന്നവർക്കും ഇടയിൽ ഒരു ബന്ധം സൃഷ്ടിക്കുക, അതിലൂടെ രോഗത്തെക്കുറിച്ചുള്ള അനാവശ്യ വ്യാകുലതകൾ ഇല്ലാതാക്കുക എന്നിവയും കാൻ ഹെൽപിലൂടെ ലക്ഷ്യമിടുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. കൗൺസലിംഗ്, ഡയറ്റീഷ്യന്റെ സേവനം എന്നിവയും കാൻഹെൽപ്പിലൂടെ ലഭ്യമാകും. കാൻസർ രോഗമുക്തി നേടിയവർ ചടങ്ങിൽ അനുഭവങ്ങൾ പങ്കുവെച്ചു. പാലാ ഡിവൈഎസ്പി കെ.സദൻ, ഓങ്കോളജി വിഭാഗം കൺസൽട്ടന്റ് ഡോ.റോണി ബെൻസൺ, അസോസിയേറ്റ് കൺസൽട്ടന്റ് ഡോ.സോൻസ് പോൾ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ കൺസൽറ്റന്റുമാരായ ഡോ.ജോഫിൻ.കെ.ജോണി, ഡോ.ടിജോ ഐവാൻ ജോൺ, ചീഫ് ഡയറ്റീഷ്യൻ ജിജിനു എന്നിവർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.