പാലാ : ആതുര ചികിത്സാരംഗത്ത് മാർ സ്ലീവാ മെഡിസിറ്റി പാലാ 6 വർഷം പൂർത്തീകരിക്കുകയാണ്. ആശുപത്രിയോട് അനുബന്ധിച്ച് കാൻസർ ചികിത്സയിൽ അത്യാധുനികവും അതിനൂതന സാങ്കേതികവിദ്യകളോടും കൂടി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്ന വിവരം അഭിമാനപൂർവ്വം അറിയിക്കുന്നു.
ഒരുലക്ഷത്തിൽ പരം ചതുരശ്രഅടിയിൽ നിർമ്മിച്ചിരിക്കുന്ന കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും 2025 സെപ്റ്റംബർ 14 ഞായറാഴ്ച്ച വൈകിട്ട് 4.30ന് നടത്തും. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് വെഞ്ചരിപ്പിന് മുഖ്യകാർമികത്വം വഹിക്കും. ബഹു.സഹകരണ ,തുറുമുഖ,ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ, ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചേർന്ന് സെന്റർ നാടിനായി സമർപ്പിക്കും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ബിഷപ് എമിരിറ്റസ് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ഷംഷാബാദ് രൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കൊല്ലംപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രിമാരായ ശ്രീ. വി.എൻ. വാസവൻ, ശ്രീ. റോഷി അഗസ്റ്റിൻ, എം.പി.മാരായ ശ്രീ. ഫ്രാൻസിസ് ജോർജ്, ശ്രീ. ജോസ്.കെ.മാണി, ശ്രീ. ആന്റോ ആന്റണി, ശ്രീ. ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ ശ്രീ. മാണി.സി.കാപ്പൻ, ശ്രീ. മോൻസ് ജോസഫ് തുടങ്ങി രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെപ്റ്റംബർ 15 തിങ്കളാഴ്ച്ച മുതൽ 21 ഞായറാഴ്ച്ച വരെ ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 7 വരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ സന്ദർശിക്കുന്നതിനും വിശദീകരണങ്ങൾ സഹിതം പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും അവസരം ക്രമീകരിച്ചിട്ടുണ്ട്.
മാർ സ്ലീവാ മെഡിസിറ്റി പാലാ പ്രവർത്തനം ആരംഭിച്ച് 6 വർഷം പൂർത്തിയാക്കുന്ന ദിനത്തിലാണ് കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനവും നടത്തുന്നത്. 2019 സെപ്റ്റംബർ 14 ന് പ്രവർത്തനം തുടങ്ങിയ മാർ സ്ലീവാ മെഡിസിറ്റി പാലാക്ക്, ചുരുങ്ങിയ കാലത്തിനുള്ളിൽ മധ്യതിരുവതാംകൂറിലെ പ്രമുഖ ആതുരശുശ്രൂഷ കേന്ദ്രത്തിന്റെ പട്ടികയിലേക്ക് എത്താൻ സാധിച്ചു. 650 കിടക്കകളും 200ൽ പരം വിദഗ്ധ ഡോക്ടർമാരും മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയാണ്. 23 സൂപ്പർ സ്പെഷ്യാലിറ്റികളും, 23 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളും പ്രവർത്തിച്ചു വരുന്നു. 24 മണിക്കൂറും സുസജ്ജമായ 10 ശസ്ത്രക്രിയ തീയറ്ററുകൾ, എമർജൻസി ട്രോമാകെയർ വിഭാഗം, അത്യാധുനിക കാത്ത് ലാബ് ഉൾപ്പെടെ സൗകര്യങ്ങളുമുണ്ട്. ഇതിനോടകം 3.50 ലക്ഷത്തിൽ അധികം ആളുകൾ ആശുപത്രിയിൽ ചികിത്സക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻ.എ.ബി.എച്ച് അംഗീകാരവും ഇതോടൊപ്പം നഴ്സിംഗ് എക്സലൻസിനുള്ള എൻ.എ.ബി.എച്ച് സർട്ടിഫിക്കറ്റും ആശുപത്രി കരസ്ഥമാക്കി.ആശുപത്രിയുടെ ഓർത്തോപീഡിക്സ്, കാർഡിയാക് സയൻസസ്, ന്യൂറോസയൻസസ്, ഗ്യാസ്ട്രോ സയൻസസ് , നെഫ്രോളജി ,യൂറോളജി ഉൾപ്പെടെ വിവിധ വിഭാഗങ്ങളും മികവുറ്റ നിലയിൽ പ്രവർത്തിക്കുന്നു. 15 വകുപ്പുകളിൽ ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡിന്റെ മെഡിക്കൽ പി.ജി.പഠന സൗകര്യമുണ്ട്. കൂടാതെ 10 ടെക്നിക്കൽ ബിഎസ് സി ബിരുദ കൊഴ്സുകളും ഉണ്ട്. നെഫ്രോളജി, യൂറോളജി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും നൂറ് ശതമാനം വിജയത്തിൽ നൂറു ശസ്ത്രകിയകളോട് അടുക്കുകയാണ്.
സാധാരണക്കാർക്കും അത്യാധുനിക കാൻസർ ചികിത്സ സൗകര്യങ്ങൾ ഒരുക്കണമെന്ന ആശുപത്രി സ്ഥാപകൻ പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ദീർഘവീക്ഷണത്തിലാണ് ആശുപത്രിയോട് അനുബന്ധിച്ച് പുതിയ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ പൂർത്തിയായത്. നിലവിൽ മെഡിക്കൽ ഓങ്കോളജി, ഹെമറ്റോഓങ്കോളജി ,സർജിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങളുള്ള ആശുപത്രിയിൽ കീമോതെറാപ്പി ഉൾപ്പെടെ വിവിധ ചികിത്സകളും വിവിധ കാൻസർ ശസ്ത്രക്രിയകളും നടന്നു വരുന്നുണ്ട്. കാൻസർ രോഗം ബാധിച്ചവരെയും രോഗം ഭേദപ്പെട്ടവരെയും ഉൾപ്പെടുത്തി കാൻഹെൽപ്പ് എന്ന കൂട്ടായ്മയും അതോടൊപ്പം പൊതുജനങ്ങൾക്ക് കാൻസർ ബോധവൽക്കരണം നൽകുന്നതിനായി ശലഭം എന്ന പേരിലുള്ള പദ്ധതിയും നടന്നു വരുന്നു.
2024 മാർച്ച് 22 ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവാണ് കാൻസർ കെയർ റിസർച്ച് സെന്ററിന്റെ അടിസ്ഥാനശിലയുടെ ആശീർവാദം നടത്തിയത്.ഒന്നര വർഷത്തിനുള്ളിൽ തന്നെ ബഹുനില മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററാണ് ബഹുനില മന്ദിരത്തിലായി ഒരുങ്ങുന്നത്. അത്യാധുനിക യന്ത്രങ്ങളാണ് സെന്ററിൽ സ്ഥാപിച്ചിരിക്കുന്നത്. 2026 ജനുവരി ആദ്യം പൂർണ്ണതോതിൽ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കും.
മുതിർന്നവരുടെയും കുട്ടികളുടെയും കാൻസർ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ , സ്റ്റെം സെൽ ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാൻ്റ് , കാർ – ടി സെൽ തെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് ഓങ്കോളജി, ഓങ്കോ ന്യൂട്രീഷൻ, സൈക്കോ ഓങ്കോളജി, റീ ഹാബിലിറ്റേറ്റീവ് ഓങ്കോളജി എന്നിവയ്ക്കു പുറമെ കാൻസർരോഗ ഗവേഷണ പരിപാടികൾ, 14 മൾട്ടിഡിസിപ്ലിനറി കാൻസർ ക്ലിനിക്കുകളും പ്രവർത്തനം തുടങ്ങും. റേഡിയേഷൻ ചികിത്സയ്ക്കുള്ള വിദേശനിർമ്മിത ലിനാക്, പെറ്റ് സിറ്റി – സ്കാൻ , ഗാമാ ക്യാമറ അഥവാ സ്പെക്ട് സ്കാൻ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള അഫെറേസീസ് മെഷീൻ ആൻഡ് ക്രയോ പ്രിസർവേഷൻ യൂണിറ്റ് എന്നിവയും ഉടൻ പ്രവർത്തനസജ്ജമാകും. ഒക്ടോബർ ആദ്യം മുതൽ പെറ്റ് സി സി.റ്റി, സ്പെക്ട് മെഷീനുകൾ ഉപയോഗിച്ചുള്ള ചികിത്സകളും കീമോതെറാപ്പി ചികിത്സകളും പുതിയ കെട്ടിടത്തിൽ ആരംഭിക്കും. നവംബർ ആദ്യവാരം മുതൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെ പ്രവർത്തനവും, 2026 ജനുവരി ആദ്യം മുതൽ റേഡിയേഷൻ ഓങ്കോളജി ചികിത്സകളും പുതിയ കെട്ടിടത്തിൽ ആരംഭിക്കും. ഇതോടെ കാൻസർരോഗത്തിനുള്ള സമ്പൂർണ്ണ ചികിത്സാകേന്ദ്രമായി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ മാറും.
വെഞ്ചരിപ്പ്, ഉദ്ഘാടന ചടങ്ങുകളിലേക്കും തുടർന്നു പുതിയ സെന്ററിന്റെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനുമായി എല്ലാ പ്രിയപ്പെട്ട മാധ്യമപ്രവർത്തകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, പ്രൊജക്ട്സ്, ഐടി,ലീഗൽ ആൻഡ് ലെയ്സൺ ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഹോസ്പിറ്റൽ ഓപ്പറേഷൻസ്, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ. പോളിൻ ബാബു, ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.