തിരുവനന്തപുരം: തന്റെ ഒരു മാസത്തോളം പ്രായമുള്ള കുഞ്ഞുമായി തിരക്കിട്ട ജോലികളുമായി തിരുവനന്തപുരത്തെ മേയര്‍ അമ്മ. ആര്യ രാജേന്ദ്രൻ കുഞ്ഞുമായി ജോലി ചെയ്യുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ആര്യയ്ക്കും ബാലുശ്ശേരി എം എല്‍ എ സച്ചിൻ ദേവിനും കഴിഞ്ഞ മാസം പത്തിനാണ് പെണ്‍കുഞ്ഞ് ജനിച്ചത്. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്. ദുവ ദേവ് എന്നാണ് ഇരുവരും കുഞ്ഞിന് നല്കിയ പേര്.
2022 സെപ്തംബറിലായിരുന്നു ഇവരുടെയും വിവാഹം. സിപിഎമ്മിന്റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാര്‍ത്തകളില്‍ നേരത്തെ ഇടം പിടിച്ചിരുന്നു. ബാലസംഘം- എസ്എഫ്ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ പാര്‍ട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാര്‍ട്ടി നേതാക്കളും വിവാഹം നിശ്ചയിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്.
ഓള് സെയിന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. അടിമുടി പാര്‍ട്ടി സ്റ്റൈലിലായിരുന്നു ഇവരുടെ വിവാഹവും ക്ഷണക്കത്തും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നേരത്തെ രക്ഷകര്‍ത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്തം പറഞ്ഞുള്ള വിവാഹത്തിനുള്ള ക്ഷണക്കത്ത് വൈറലായിരുന്നു. ഇപ്പോള്‍ ആര്യ കുഞ്ഞുമായി തന്റെ ചുമതലകളില്‍ ഏര്‍പ്പെടുന്ന ചിത്രവും നിരവധി പേരാണ് പങ്കുവയ്ക്കുന്നത്.