കോട്ടയം: എം.സി റോഡിൽ തെള്ളകത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് തെള്ളകം സ്വദേശിയായ വയോധികൻ മരിച്ചത് 37 വർഷം മുൻപ് മകൾ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത് തന്നെ. തെള്ളകം ഹോളി ക്രോസ് സ്‌കൂളിനു സമീപം മ്യാലിയിൽ വീട്ടിൽ എം.കെ ജോസഫാണ് (78)മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെ തെള്ളകം കുരിശ്കവലയിലായിരുന്നു അപകടം. റിട്ട.സർവേ സൂപ്രണ്ടായ ജോസഫ്, ജോയ്‌സ് എന്ന പേരിൽ ലോഡ്ജും നടത്തുന്നുണ്ടായിരുന്നു.
37 വർഷം മുൻപ് ഇദ്ദേഹത്തിന്റെ മകൾ ഇതേ സ്ഥലത്തു തന്നെയുണ്ടായ അപകടത്തിൽ വാഹനം ഇടിച്ചാണ് മരിച്ചത്. വീീട്ടിൽ നിന്ന് കാരിത്താസ് ജംഗ്ഷനിലേയ്ക്കു പോകുന്നതിനിടെ അപകടത്തിൽപ്പെട്ടാണ് ഇവർ മരിച്ചത്. തൃശൂരിൽ നിന്നും കൊല്ലം പത്തനാപുരത്തേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചാണ് ഇദ്ദേഹം മരിച്ചത്. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (റിട്ട.മെഡിക്കൽ സൂപ്രണ്ട് മെഡിക്കൽ കോളേജ് കോട്ടയം), മറ്റുമക്കൾ – ജയ്‌സൺ (ബംഗളൂരു), ജയ (യു.എസ്).