കോട്ടയം: എം.സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ വാഹനാപകടം. ചങ്ങനാശേരി സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചങ്ങനാശേരി ഫാത്തിമാപുരം കളത്തിപ്പറമ്പിൽ ഉസ്മാൻ സാഹിബിന്റെ മകൻ അമീൻ (25) ആണ് മരിച്ചത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണു കിടന്ന ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നാണ് തെള്ളകം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചതെന്നു കുറവിലങ്ങാട് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തു നിന്നും കുറവിലങ്ങാട് ഭാഗത്തേയ്ക്കു വരികയായിരുന്നു അമീൻ. ഈ സമയം കുറവിലങ്ങാട് കാളികാവ് ഭാഗത്ത് വച്ച് ഏതോ വാഹനം ഇടിച്ചതായാണ് സംശയിക്കുന്നത്. തുടർന്നു നാട്ടുകാർ ഇയാളെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.