കോട്ടയം: എം.സി റോഡിൽ ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിലേയ്ക്ക് ഇടിച്ചു കയറി. ചങ്ങനാശേരി റോട്ടറി ക്ലബിന് സമീപത്തായാണ് ആംബുലൻസ് ഇടിച്ചു കയറിയത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവുമുണ്ടായി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. രണ്ടു വാഹനങ്ങളും നിരവധി ബൈക്കുകളും മാടക്കടയും അപകടത്തിൽ തകർന്നു. അപകടത്തെ തുടർന്നു ആംബുലൻസ് ഡ്രൈവർ ഓടിരക്ഷപെട്ടു.
ശനിയാഴ്ച രാത്രി 09.45 ഓടെ ചങ്ങനാശേരി റോട്ടറി ക്ലബിനു സമീപമായിരുന്നു അപകടം.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു രോഗിയെയുമായി എത്തിയ പത്തനംതിട്ട പുറമറ്റം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയറിന്റെ ആംബുലൻസാണ് നിയന്ത്രണം വിട്ട് റോഡരികിലേയ്ക്ക് ഇടിച്ചു കയറിയത്. റോഡരികിലേയ്ക്കു പാഞ്ഞു കയറിയ ആംബുലൻസ് ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും, മാടക്കടയും തകർത്തു. തുടർന്നു, ഇവിടെ പാർക്കിംങ് ഏരിയയിൽ വച്ചിരുന്ന ബൈക്കുകളും ഇടിച്ചു തെറുപ്പിച്ചു. മറ്റു രണ്ടു കാറുകളിൽ ഇടിച്ചാണ് ആംബുലൻസ് നിന്നതെന്നു ചങ്ങനാശേരി പൊലീസ് പറഞ്ഞു. റോട്ടറി ക്ലബിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കും, ഒരു കാറും അപകടത്തിൽ തകർന്നിട്ടുണ്ട്.
അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. മറ്റൊരു ആംബുലൻസിൽ അപകടത്തിൽപ്പെട്ട ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.