കോട്ടയം: എംസി റോഡിൽ ചിങ്ങവനത്തുണ്ടായ അപകടത്തിൽ മരിച്ചത് പഞ്ചമി ടെക്സ്റ്റൈൽസ് ഉടമയുടെ സഹോദരൻ. മധ്യപ്രദേശിലെ പോൾ ഇന്ത്യ ജീവനക്കാരനായിരുന്ന ചിങ്ങവനം മൂലംകുളം കൊച്ചുകല്ലൂത്തറ വീട്ടിൽ കെ.എ ജേക്കബ് (66) ആണ് അപകടത്തിൽ മരിച്ചത്. മൂലംകുളം ഭാഗത്തു നിന്നും എം സി റോഡിലേയ്ക്കു കയറുകയായിരുന്നു ജേക്കബ്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ അടൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹം കെഎസ്ആർടിസി ബസിന് അടിയിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസ് വിളിച്ചു വരുത്തിയാണ് മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെ തുടർന്നു കെഎസ്ആർടിസി ബസിന്റെ ടയറുകൾക്ക് അടിയിൽ സ്കൂട്ടർ കുടുങ്ങിക്കിടന്നു. ഇതോടെ എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. മരിച്ച ജേക്കബ് കേരളത്തിന് പുറത്ത് ജോലി ചെയ്ത ശേഷം സർവീസിൽ നിന്നും വിരമിച്ചാണ് നാട്ടിലെത്തിയത്. തുടർന്ന്, ഭാര്യയ്ക്കൊപ്പം താമസിച്ചു വരികയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ കിടന്ന വാഹനങ്ങൾ കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് മാറ്റിയത്. റോഡിൽ ചിതറിക്കിടന്ന രക്തവും ഇവർ തന്നെയാണ് കഴുകി മാറ്റിയത്.