മീനച്ചില്‍ നദീതട പദ്ധതിക്ക് തുടക്കമാകുന്നു,ഡിപിആര്‍ തയാറാക്കാന്‍ ധാരണാ പത്രം ഒപ്പിട്ടു : ഡിപിആര്‍ ലഭിച്ചാല്‍ ഉടന്‍ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി റോഷി

തിരുവനന്തപുരം: ഇടുക്കിയില്‍ വൈദ്യുതോത്പാദനത്തിന് ശേഷം വരുന്ന അധികജലം മീനച്ചിലാറില്‍ എത്തിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതിനുള്ള മീനച്ചില്‍ നദീതട പദ്ധതിയുടെ ഡിപിആര്‍ തയാറാക്കുന്നതിന് കേന്ദ്ര ഏജന്‍സിയായ വാപ്‌കോസുമായി ജലസേചന വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ ജലസേചന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് സംസ്ഥാനത്തിന് വേണ്ടി ഒപ്പുവച്ചത്. ഡിപിആര്‍ ലഭിച്ചാല്‍ ഉടന്‍ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി റോഷി അറിയിച്ചു. നേരത്തേ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് മന്ത്രി റോഷി അഗസ്റ്റിന് വാപ്‌കോസ് പ്രതിനിധി അമിതാഭ് ത്രിപാഠി കൈമാറിയിരുന്നു. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉല്‍പാദനത്തിനുശേഷം അധികമുള്ള ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വര്‍ഷം മുഴുവനും സുസ്ഥിരമായ ഒഴുക്ക് നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംസ്ഥാന ബജറ്റില്‍ 3 കോടി രൂപ അനുവദിച്ചിരുന്നു. കുടിവെള്ളത്തിനു പുറമേ മീനച്ചില്‍ കോട്ടയം ചങ്ങനാശേരി താലൂക്കുകളില്‍ കൃഷിക്കായുള്ള ജലസേചനവും പദ്ധതി ലക്ഷ്യമിടുന്നു. മീനച്ചിലാറില്‍ വര്‍ഷം മുഴുവന്‍ ജലസമൃദ്ധമാകുന്നതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയും. താഴ്ന്ന മേഖലയില്‍ വേനല്‍ കാലത്ത് ഓരു വെള്ളം കയറുന്നതു തടയാനും പദ്ധതി ഉപകരിക്കും. അറക്കുളം മൂന്നുങ്കവയലില്‍ ചെക്ഡാം പണിത് ഇവിടെനിന്നു 500 മീറ്റര്‍ കനാല്‍ നിര്‍മിച്ച് അതിലൂടെ എത്തുന്ന വെള്ളം 6.5 കിലോമീറ്റര്‍ ടണല്‍ നിര്‍മിച്ച് അതിലൂടെ കോട്ടയം ജില്ലയില്‍ മൂന്നിലവ് പഞ്ചായത്തില്‍ എത്തിക്കും. ഇവിടെനിന്നു 200 മീറ്റര്‍ ചാലു കീറി വെള്ളം കടപുഴയിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. മുന്‍ മന്ത്രി കെ.എം. മാണി വിഭാവനം ചെയ്ത സ്വപ്ന പദ്ധതിയാണിത്. അന്ന് പഠന റിപ്പോര്‍ട്ട് ലഭിക്കുകയും ടണല്‍ അടിക്കാനായി ഭൂമിക്കടിയിലെ പാറ നിര്‍ണയിക്കാനുള്ള റിഫ്രാക്ഷന്‍ സര്‍വേക്ക് ബെംഗളൂരു ആസ്ഥാനമായുള്ള ഏജന്‍സിയുമായി ചര്‍ച്ച പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി വൈകുകയായിരുന്നു. എന്താണ് മീനച്ചില്‍ നദീതട പദ്ധതി? വേനല്‍ക്കാലത്ത് വറ്റിവരളുന്ന മീനച്ചില്‍ നദി ജലസമൃദ്ധമാക്കുന്നതാണ് മീനച്ചില്‍ നദീതട പദ്ധതി. ഇതു യാഥാര്‍ത്ഥ്യമാകുന്നതോടെ നദിയില്‍ നിന്നുള്ള വെള്ളത്തെയും അതില്‍ നിന്ന് വെള്ളമെടുക്കുന്ന വിവിധ ജലസേചന, കുടിവെള്ള പദ്ധതികളെയും ആശ്രയിക്കുന്ന കര്‍ഷക സമൂഹത്തിന് വലിയ പിന്തുണയാകും. കെ.എം. മാണി വിഭാവനം ചെയ്ത പദ്ധതി പ്രകാരം മീനച്ചില്‍ തടത്തില്‍ 75 മീറ്റര്‍ ഉയരത്തില്‍ 228 ഹെക്ടര്‍ ജലസംഭരണി വിസ്തൃതിയുള്ള അണക്കെട്ട് നിര്‍മിക്കാനായിരുന്നു പ്രാഥമിക നിര്‍ദേശം. കെഎസ്ഇബി മീനച്ചില്‍ തടത്തില്‍ വഴിക്കടവില്‍ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് തുരങ്കം നിര്‍മിച്ച് ഡൈവേര്‍ഷന്‍ വെയര്‍ വഴി വെള്ളം തിരിച്ചുവിടാന്‍ തുടങ്ങിയതോടെ പദ്ധതി തടസ്സപ്പെട്ടു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി, അടുക്കത്ത് അണക്കെട്ട് നിര്‍മാണം അസാധ്യമാണെന്ന് കണ്ടെത്തി. അതിനുപകരം മലങ്കര അണക്കെട്ടിന്റെ മുകള്‍ഭാഗത്ത് നിന്ന് വെള്ളം തിരിച്ചുവിടുന്നതിനും മീനച്ചിലിലും അതിന്റെ മൂന്ന് പ്രധാന കൈവഴികളിലും മിനി ഡാമുകള്‍ നിര്‍മ്മിക്കുന്നതിനും ബദല്‍ പദ്ധതി ശുപാര്‍ശ ചെയ്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.