പാലാ: വീട് കയറി ആക്രമിച്ച കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. മേലുകാവ് എരുമപ്ര ഭാഗത്ത് പാറശ്ശേരി സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചെറുകോൽ കീക്കോഴുർ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ മാത്യു മകൻ റോൺ മാത്യു (32) നെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ കയറി ആക്രമിച്ചതിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഒളിവിൽ ആയിരുന്ന റോൺ മാത്യുവിനെ പിടികൂടുകയുമായിരുന്നു. ആക്രമണത്തിൽ ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ, സജി, രാജു, അജ്മൽ, എന്നിവരെ കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. പാലാ ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി, മേലുകാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രഞ്ജിത്ത് കെ.വിശ്വനാഥ്, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്,നിസാം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.