കോട്ടയം : മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് എം ചെയർമാനുമായിരുന്ന കെ.എം മാണിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമവുമായി പാർട്ടിയും കുടുംബാംഗങ്ങളും. കെ.എം മാണിയുടെ അന്ത്യ വിശ്രമസ്ഥലം സ്ഥിതി ചെയ്യുന്ന പാലാ കത്തീഡ്രൽ പള്ളിയിലാണ് പുഷ്പാർച്ചന നടന്നത്. ഞായറാഴ്ച രാവിലെ മുതൽ നൂറ് കണക്കിന് ആളുകള് കബറിടത്തിൽ പുഷ്പാർച്ചന നടത്താനായി എത്തിയത്. പുലർച്ചെ ഏഴു മണി മുതൽ പാർട്ടി പ്രവർത്തകരും ഇവിടെ എത്തി, പുഷ്പാർച്ചന നടത്തിയിരുന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി കുടുംബാംഗങ്ങൾക്കും , മാതാവും കെ.എം മാണിയുടെ ഭാര്യയുമായ കുട്ടിയയ്ക്കും മറ്റു മക്കൾക്കും ബന്ധുക്കൾക്കും ഒപ്പം എത്തി പാലാ കത്തീഡ്രൽ പള്ളിയിലെ പ്രാർത്ഥനകൾക് ശേഷമാണ് കബറിടത്തിൽ പുഷ്പാർച്ചന നടത്തിയത്. മന്ത്രി റോഷി അഗസ്റ്റിൻ , തോമസ് ചാഴികാടൻ എം.പി , സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ് , എം.എൽ.എ മാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ , അഡ്വ. ജോബ് മൈക്കിൾ, സ്റ്റീഫൻ ജോർജ് എന്നിവരും പാർട്ടി സംസ്ഥാന ജില്ലാ നേതാക്കളും പുഷ്പാർച്ചനയിൽ പങ്കെടുത്തു.
ഏപ്രിൽ 11 ന് തിരുനക്കരയില്‍ കെ.എം മാണി സ്മൃതി സംഗമം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള കോൺഗ്രസ് എം നേതൃത്വത്തിൽ ഏപ്രില്‍ പതിനൊന്നിന് കോട്ടയം തിരുനക്കര മൈതാനിയില്‍ കെ.എം മാണി സ്മൃതി സംഗമം നടക്കും. ഏപ്രില്‍ 9 നാണ് കെ.എം മാണിയുടെ ചരമദിനമെങ്കിലും ഈ വര്‍ഷം ഈസ്റ്റര്‍ ആയതിനാലാണ് 11 ലേക്ക് ചടങ്ങ് മാറ്റിയത്. സംസ്ഥാനതലത്തില്‍ ഒരൊറ്റ പരിപാടി സംഘടിപ്പിച്ച് , കെഎം മാണിയുടെ അനുസ്മരണ ചടങ്ങ് അവിസ്മരണീയമാക്കാന്‍ ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് (എം). കഴിഞ്ഞ വര്‍ഷം നടത്തിയ അതേ മാതൃകയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
തിരുനക്കര മൈതാനത്ത് തയ്യാറാക്കിയ പ്രത്യേക വേദിയില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എത്തി പുഷ്പാര്‍ച്ചന നടത്തുന്ന പരിപാടിയാണ് ഇക്കുറി നടക്കുക. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയും കെ.എം മാണിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. മന്ത്രി റോഷി അഗസ്റ്റിനും മറ്റ് ജനപ്രതിനിധികളുംതുടര്‍ന്ന് പുഷ്പാര്‍ച്ചന നടത്തും. പതിവ് പ്രസംഗങ്ങളോ അനുസ്മരണ പ്രഭാഷണങ്ങളോ ഉണ്ടായിരിക്കുകയില്ല.
സംസ്ഥാനത്തിന് വിവിധ ജില്ലയില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിനിധികളും കൃത്യമായ ഇടവേളകളില്‍ തിരുനക്കരയില്‍ എത്തി കെഎം മാണിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. വിപുലമായ പരിപാടികളാണ് ആണ് ഇതിന്റെ ഭാഗമായി കോട്ടയത്ത് ഒരുക്കിയിരിക്കുന്നത്. തയ്യാറെടുപ്പുകള്‍ എല്ലാം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
വാര്‍ഡ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ത്രിതല, സഹകരണ ജനപ്രതിനിധികളും, പോഷകസംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കും. മറ്റ് ജില്ലകളില്‍ നിന്നുള്ള നേതാക്കളും, പ്രവര്‍ത്തകരും തിരുനക്കര മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ കെ.എം മാണിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും.