കോട്ടയം : മീനച്ചിലാർ മീനന്തറയാർ നദി സംരക്ഷണ പദ്ധതിയുടെ ഭാഗമായി മണ്ണ് എടുക്കുന്നതിനെച്ചൊല്ലി തർക്കം. പാറമ്പുഴ അർത്യാകുളംഭാഗത്ത് പിച്ചകശേരി മാലിയിൽ മണ്ണ് നീക്കം ചെയ്യുന്നതിന് ചൊല്ലിയാണ് തർക്കമുണ്ടായത്. നഗരസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടയാൻ എത്തിയതിനെ തുടർന്ന് രണ്ട് കൗൺസിലർമാർ അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. മണ്ണ് നീക്കം ചെയ്യുന്നതിനു മുന്നോടിയായുള്ള സർവ്വേ അടക്കമുള്ള നടപടികൾ പോലീസ് സംരക്ഷണത്തിൽ പുരോഗമിക്കുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലത്ത് എത്തിയത്. പ്രദേശത്ത് 21 ഓളം വീടുകളാണ് ഉള്ളത്. നദിയുടെ സ്വാഭാവികമായ ഒഴുക്ക് തിരിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് മണ്ണ് നീക്കം ചെയ്യുന്നത് എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ആദ്യം അഞ്ചു മീറ്ററൊന്നും പിന്നീട് എട്ടു മീറ്ററൊന്നും ഒടുവിൽ 10 മീറ്റർ ദൂരത്തിൽ മണ്ണെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണ്ണെടുക്കുന്നതിനൊപ്പം തങ്ങളുടെ വീടുകൾക്ക് സംരക്ഷണം ഒരുക്കുന്നതിന് സംരക്ഷണഭിത്തി നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വിഷയത്തിൽ കളക്ടറുടെ മുന്നിലുള്ള പരാതി തീർപ്പായതിനുശേഷം മാത്രമേ നടപടികൾ ആരംഭിക്കാം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ കളക്ടറുടെ നിർദേശത്താലാണ് തങ്ങൾ എത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് നടപടികളെ തടസ്സപ്പെടുത്താൻ നഗരസഭ അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ ശ്രമിച്ചത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തിയാണ് നാട്ടുകാരെ അറസ്റ്റ് ചെയ്തു നീക്കിയത്.
നഗരസഭ അംഗങ്ങളായ സാബു മാത്യു , ലിസി കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം നഗരസഭ അംഗങ്ങൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.