കോട്ടയം : മാനസീകാരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കാൽനടയാത്രയുമായി എഴുത്തുകാരനും കോഴിക്കോട് ജില്ലയിലെ താമരശ്ശേരി സ്വദേശി ആൻ്റണി ജോയ്. മാനസികാരോഗ്യം സംബന്ധിച്ച ചർച്ചകൾ കേരള സമൂഹത്തിൽ ഉയർത്തുന്നതിനും അതുവഴിയായി മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് ആവശ്യമാണ് എന്നതും അഥവാ എന്തെങ്കിലും പ്രശ്‌നങ്ങൾ സംഭവിച്ചാൽ യോഗ്യരായ വ്യക്തികളെ സമീപിച്ച് കൃത്യമായ
പ്രതിവിധികൾ സ്വീകരിക്കാൻ മടികാണിക്കേണ്ടതില്ല എന്നതുമായ മനോഭാവം വളർത്താൻ വേണ്ടിയാണ് യാത്ര.
കഴിഞ്ഞ 15 വർഷമായി വ്യക്തിത്വ വികസന പരിശീലന മേഖലയിൽ പ്രവർത്തിക്കുന്ന, ശ്രമിച്ചാൽ എനിക്കും സാധിക്കും എങ്കിൽ ശ്രമിക്കാം ല്ലേ എന്ന പുസ്‌തകങ്ങളുടെ രചയിതാവുമാണ് ആൻ്റണി. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നു പോകുന്ന യാത്ര 2025 മാർച്ച് 26ന് തിരുവനന്തപുരം കഴക്കൂട്ടത്ത് ഗോപിനാഥ് മുതുകാട് ഫ്ലാഗ് ഓഫ് ചെയ്‌തു. 8 ദിവസങ്ങൾ കൊണ്ട് 200 കിലോമീറ്റർ സഞ്ചരിച്ചു ഏപ്രിൽ 4ന് കോട്ടയത്തു എത്തിച്ചേർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1000 ൽ അധികം കിലോമീറ്റർ സഞ്ചരിച്ച് ഈ യാത്ര മെയ് 7ന് കാസർഗോഡ് അവസാനിക്കും. യാതൊരു തരത്തിലും സ്പോൺസർഷിപ്പുകൾ ഒന്നും സ്വീകരിക്കാതെയും ഒരു തരത്തിലുള്ള ഫണ്ട് പിരിവുകൾ നടത്താതെയുമാണ് യാത്ര നടത്താൻ ആഗ്രഹിക്കുന്നത്. യാത്രയുടെ വിജയത്തിനായി സംഭാവന നൽകാൻ ഉദ്ദേശിക്കുന്നവർക്ക് ആദ്യമേ നന്ദി പറയുന്നു.
നിങ്ങളുടെ തൊട്ടടുത്തുള്ള സർക്കാർ, സർക്കാറിതര ഏജൻസികളെയോ സന്നദ്ധ സംഘടനകളെയോ ആ പണം ഏൽപിക്കുന്നതാണ് ഏറ്റവും ഉചിതം. കാരണം സാമ്പത്തികമായ ഇടപാടുകൾ നടത്തുന്നത് യാത്രയുടെ ഉദ്ദേശ ലക്ഷ്യമായ മാനസികാരോഗ്യം എന്ന പ്രധാന വിഷയത്തിൽ നിന്നും ചർച്ച വഴിമാറ്റാൻ ഇടവന്നേക്കുമോ എന്ന് ഞാൻ ആശങ്കപ്പെടുന്നതായി ആൻ്റണി പറഞ്ഞു.
യാത്ര കടന്നു പോകുന്നതിനായി പ്ലാൻ ചെയ്‌തതിരിക്കുന്ന സ്ഥലങ്ങൾ: തിരുവനന്തപുരം, ആറ്റിങ്ങൽ, പാരിപള്ളി, കൊല്ലം, കൊട്ടാരക്കര, അടൂർ, പന്തളം, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കൊച്ചി, കാലടി, ചാലക്കുടി, തൃശ്ശൂർ, വടക്കഞ്ചേരി, ഒറ്റപ്പാലം, പെരിന്തൽമണ്ണ, മലപ്പുറം, കോട്ടക്കൽ, രാമനാട്ടുകര, കോഴിക്കോട്, കുന്ദമംഗലം, താമരശേരി, കൽപറ്റ, ബത്തേരി, പനമരം, മാനന്തവാടി, കുറ്റ്യാടി, നാദാപുരം, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ്.
കടന്നുപോകുന്ന സ്ഥലങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു ആളുകളോട് മാനസിക ആരോഗ്യത്തിന്റെ വഴികളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സംവദിക്കാം എന്നാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന്
പത്രസമ്മേളനത്തിൽ പങ്കെടുത്ത ആൻ്റണി ജോയ്, അനില ജോണി, വിപിൻലാൽ, ധനേഷ് കെ.എൽ എന്നിവർ പറഞ്ഞു.