ശ്രീജേഷ് സി ആചാരി
കഴിഞ്ഞ വർഷം ഇറാൻ മതകാര്യ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മഹ്സ അമീനിയുടെ വാർത്ത റിപ്പോർട്ട് ചെയ്ത രണ്ട് വനിതാ മാധ്യമപ്രവർത്തകർക്ക് തടവ് ശിക്ഷ വിധിച്ച് ഇറാൻ കോടതി. മാധ്യമപ്രവർത്തകരായ നിലൂഫർ ഹമീദിയെയും ഇലാഹെ മുഹമ്മദിയെയുമാണ് ഇറാനിയൻ റെവല്യൂഷണറി കോടതി യഥാക്രമം 13, 12 വർഷം തടവിന് ശിക്ഷിച്ചത്.ഇറാന്റെ വാർത്ത ഏജൻസിയായ ഐആർഎൻഎ ഈ വാർത്ത ഇപ്പോൾ പുറത്തുവിട്ടത്. യുഎസ് സർക്കാരുമായി സഹകരിച്ച്, ദേശീയ സുരക്ഷയ്ക്കെതിരായി പ്രവർത്തിച്ചു എന്നതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് കോടതി ഇരുവർക്കുംമേൽ ചുമത്തിയിരിക്കുന്നത്.കോടതി നടപടിയെ യുഎസ് അപലപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഒക്ടോബറിൽ ഇറാന്റെ രഹസ്യാന്വേഷണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ മൊഹമ്മദിയും ഹമീദിയും അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ഏജന്റുമാരാണെന്ന് ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ കോടതി വിധി കൂടി വരുന്നത്. അതേസമയം കോടതി വിധിയിൽ മാധ്യമപ്രവർത്തകർക്ക് അപ്പീൽ സമർപ്പിക്കാൻ കഴിയും. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മഹ്സ അമീനിയെന്ന ഇരുപത്തിരണ്ടുകാരിയെ കഴിഞ്ഞ വർഷം സെപ്റ്റംബർ 13നാണ് ഇറാൻ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ സെപ്റ്റംബർ 22ന് പോലീസ് കസ്റ്റഡിയിലിരിക്കെ യുവതി മരണപ്പെടുകയായിരുന്നു.മഹ്സയുടെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി ഇറാനിൽ മാസങ്ങളോളം വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിനിടെ പല ഇടങ്ങളിൽ സംഘർഷം ഉണ്ടാവുകയും നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
അതിനിടെ വസ്ത്ര നിയമം ലംഘിക്കുന്ന സ്ത്രീകൾക്കുള്ള ജയിൽ ശിക്ഷ ഇറാൻ പാർലമെന്റ് കടുപ്പിച്ചിക്കുകയും ചെയ്തു. ഇറുകിയ വസ്ത്രം, കഴുത്തിന് താഴെയോ കണങ്കാലിന് മുകളിലോ കൈത്തണ്ടയ്ക്ക് മുകളിലോ ശരീരഭാഗങ്ങൾ കാണുന്ന വസ്ത്രം എന്നിവയൊന്നും ധരിക്കാൻ പാടില്ലെന്നാണ് ഇറാനിലെ നിയമം.നിയമം ലംഘിക്കുന്നവർക്ക് ഹിജാബ് ബിൽ പ്രകാരം 10 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.പുരുഷന്മാരെ സംബന്ധിച്ച് നെഞ്ചിന് താഴെയോ കണങ്കാലിന് മുകളിലോ ശരീര ഭാഗങ്ങൾ കാണുന്ന വസ്ത്രം ധരിക്കുന്നതിനും വിലക്കുണ്ട്.