തിരുവനന്തപുരം: അപകടങ്ങളില്‍ പൊള്ളലേല്‍ക്കുന്നവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കാന്‍ കിംസ്ഹെല്‍ത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പൊള്ളല്‍ ചികിത്സാ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.
യൂണിറ്റിന്‍റെ ഉദ്ഘാടനം കേരള ഫയര്‍ ആന്‍റ് റസ്ക്യൂ സര്‍വീസസ്-ഹോം ഗാര്‍ഡ് ആന്‍റ് സിവില്‍ ഡിഫെന്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ.ബി.സന്ധ്യ ഐ.പി.എസ്. നിര്‍വ്വഹിച്ചു. തൊഴിലിടങ്ങളിലും വീടുകളിലും ഉള്‍പ്പെടെ പൊളളല്‍ അപകടങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ വിദഗ്ധ ചികിത്സയും രോഗീപരിചരണവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഡോ.ബി.സന്ധ്യ പറഞ്ഞു. വര്‍ഷത്തില്‍ 7.2 ലക്ഷം പേര്‍ക്ക് രാജ്യത്ത് പൊള്ളലേല്‍ക്കുന്നുണ്ട്. ഇതില്‍ 1.2 ലക്ഷം പേര്‍ മരണപ്പെടുന്നു. 2.5 ലക്ഷം പേര്‍ പൊള്ളലിനെ തുടര്‍ന്നുള്ള ഗുരുതരമായ പരിക്കുകളോടെ കഴിയുന്നു. മെച്ചപ്പെട്ട പൊള്ളല്‍ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കേണ്ടതിന്‍റെ അനിവാര്യതയാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ കിംസ്ഹെല്‍ത്തില്‍ ആരംഭിച്ച ബേണ്‍സ് യൂണിറ്റ് പൊള്ളല്‍ ചികിത്സയില്‍ വിദഗ്ധ സേവനം ഉറപ്പാക്കാന്‍ പോന്നതാണെന്നും അവര്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമഗ്രമായ പഠനത്തിനും വിലയിരുത്തലിനും ശേഷമാണ് മികച്ച മാതൃകയിലുള്ള ബേണ്‍സ് യൂണിറ്റ് സജ്ജമാക്കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ള പറഞ്ഞു. പൊള്ളല്‍ ചികിത്സയില്‍ രാജ്യത്തെ തന്നെ മികച്ച സംവിധാനങ്ങളിലൊന്നാണിത്. കിംസ്ഹെല്‍ത്തിന്‍റെ സാമൂഹികപ്രതിബദ്ധതാ-ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബേണ്‍സ് യൂണിറ്റിനെ സമന്വയിപ്പിക്കും. ഇതുവഴി സാധാരണക്കാര്‍ക്കും ചികിത്സ ലഭ്യമാക്കും. സാമ്പത്തികപ്രയാസമുള്ള കുടുംബങ്ങളിലെ കുട്ടികളുടെ കരള്‍മാറ്റ ശസ്ത്രക്രിയക്കുള്ള ഇളവ്, കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ തുടര്‍ചികിത്സ സാധ്യമാക്കുന്നതിനു വേണ്ടിയുള്ള പ്രിവിലേജ് ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടെ നിരവധി രോഗീസൗഹൃദ പദ്ധതികള്‍ സിഎസ്ആര്‍-ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിംസ്ഹെല്‍ത്ത് നടപ്പാക്കി വരുന്നുണ്ടെന്നും ഡോ.എം.ഐ. സഹദുള്ള കൂട്ടിച്ചേര്‍ത്തു.
പൊള്ളലേല്‍ക്കുന്നവരെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായിക്കുക എന്നതാണ് ബേണ്‍സ് യൂണിറ്റിന്‍റെ ലക്ഷ്യമെന്നും പൊള്ളല്‍ ചികിത്സയില്‍ പരിശീലനം നേടിയ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും മികച്ച ടീമാണ് യൂണിറ്റിലുള്ളതെന്നും കിംസ്ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ.ജി.വിജയരാഘവന്‍ പറഞ്ഞു.
അണുബാധ തടയുന്നതിനുള്ള പോസിറ്റീവ് പ്രഷര്‍ റൂം, ആന്‍റി റൂം, മുറിവ് ഉണക്കാന്‍ സഹായിക്കുന്ന ഹൈഡ്രോതെറാപ്പി യൂണിറ്റ്, താപനില നിലനിര്‍ത്തുന്നതിനുള്ള തെര്‍മോമോഡുലേറ്റഡ് റൂം, ഡിലീരിയം ഉണ്ടാകുന്നത് തടയാനുള്ള ആംബിയന്‍റ് ലൈറ്റ് എന്നിവ ബേണ്‍സ് യൂണിറ്റില്‍ സജ്ജമാണെന്ന് ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ.ദീപക് വി. പറഞ്ഞു. പൊള്ളലേല്‍ക്കുന്ന രോഗിക്ക് പ്രത്യേക യൂണിറ്റില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള സജ്ജീകരണങ്ങളാണ് ബേണ്‍സ് യൂണിറ്റിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിംസ്ഹെല്‍ത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ്, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവിയും അക്കാദമിക്സ് വൈസ് ഡീനുമായ ഡോ.പി.എം. സഫിയ, സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ.മനേഷ് സേനന്‍ എന്നിവര്‍ സംബന്ധിച്ചു.
മള്‍ട്ടി ഡിസിപ്ലിനറി ടീമിന്‍റെ പിന്തുണയുള്ള കോര്‍ ടീമാണ് ബേണ്‍സ് യൂണിറ്റിലെ പരിചരണത്തിന് നേതൃത്വം നല്‍കുക. പ്രത്യേക പരിശീലനം ലഭിച്ച പ്ലാസ്റ്റിക് സര്‍ജന്‍മാര്‍, തീവ്രപരിചരണ വിദഗ്ധര്‍, അനസ്തെറ്റിസ്റ്റ്, ഐഡി സ്പെഷ്യലിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റ്, ന്യൂട്രീഷ്യനിസ്റ്റ്, ഒക്യുപ്പേഷന്‍ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവര്‍ സംഘത്തിലുണ്ടാകും. ഓരോ മുറിയിലും വെന്‍റിലേറ്ററുകളും ഡയാലിസിസ് മെഷീനും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ വിപുലമായ മോണിറ്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ ശസ്ത്രക്രിയകളും അനസ്തേഷ്യയും യൂണിറ്റില്‍ വച്ചു തന്നെ ചെയ്യാനുള്ള സൗകര്യമുണ്ട്.