തലയോലപ്പറമ്ബ്: കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടവിവരമറിഞ്ഞ് ഓടിയെത്തിയതായിരുന്നു നവനീത്. കണ്മുന്നില് അമ്മ ബിന്ദുവിൻറെ ചലനമറ്റ ശരീരം.കഴിഞ്ഞദിവസം കിട്ടിയ ആദ്യശമ്ബളം അമ്മയെ ഏല്‍പ്പിക്കണമെന്ന നവനീതിൻറെ ആഗ്രഹം ഇനി യാഥാർഥ്യമാകില്ല. താൻ കഷ്ടപ്പെട്ട് പഠിപ്പിച്ച് എൻജിനീയറാക്കിയ മകൻറെ ആദ്യശമ്ബളം ഏറ്റുവാങ്ങാൻ ഇനി ബിന്ദുവില്ല…
എൻജിനീയറിങ് പഠനത്തിന് ശേഷം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു നവനീത്. കഴിഞ്ഞദിവസമാണ് നവനീതിന് ആദ്യ ശമ്ബളം ലഭിച്ചത്. സഹോദരിയും അമ്മയും ആശുപത്രിയിലായതിനാല്‍ അവരെ ഏല്‍പ്പിക്കാമെന്നായിരുന്നു നവനീത് വിചാരിച്ചിരുന്നത്. എന്നാല്‍, ആശുപത്രിയിലെത്തിയ നവനീത് കണ്ടത് അമ്മയുടെ ചലനമറ്റ ശരീരമായിരുന്നു. മരിച്ചത് ബിന്ദുവാണെന്ന് ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മക്കളുടെയും തൻറെയും അമ്മയുടേയുമടക്കം കുടുംബത്തിന്റെ എല്ലാക്കാര്യങ്ങളും നോക്കിയിരുന്നത് ബിന്ദുവായിരുന്നെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. 300 രൂപയായിരുന്നു ദിവസക്കൂലി. കാല് വയ്യാത്തതുകൊണ്ട് ഓട്ടോയില്‍ ആണ് പോകാറ്. ബാക്കിയുള്ളത് 250 രൂപയാണ്. എല്ലാക്കാര്യങ്ങളും അവള് നടത്തുന്നത് ഈ 250 രൂപകൊണ്ടാണ്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്ബിലെ ബിന്ദുവിന്റെ ഭർത്താവ് കണ്ണീരോടെയാണ് കാര്യങ്ങള്‍ പറഞ്ഞവസാനിപ്പിച്ചത്.
മേസ്തിരിപ്പണിക്കാരനാണ് വിശ്രുതൻ. തലയോലപ്പറമ്ബിലെ വസ്ത്രശാലയിലാണ് ബിന്ദു ജോലിചെയ്തിരുന്നത്. തുച്ഛമായ വരുമാനത്തില്‍ മിച്ചംവെച്ച് ബിന്ദുവും വിശ്രുതനും മക്കളെ പഠിപ്പിച്ചു. നവമി ആന്ധ്രാപ്രദേശിലെ സ്വകാര്യ നഴ്സിങ് കോളേജിലെ അവസാനവർഷ വിദ്യാർഥിനിയായിരുന്നു.
ചൊവ്വാഴ്ചയാണ് നവമിയുടെ നട്ടെല്ലിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ബിന്ദുവും വിശ്രുതനും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നത്. അന്നുമുതല്‍ ഇരുവരും നവമിയോടൊപ്പം ആശുപത്രിയിലായിരുന്നു. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ ബിന്ദുവിൻറെ അമ്മ സീതാലക്ഷ്മിയെ സമീപത്തുള്ള ബന്ധുവിന്റെ വീട്ടിലാക്കിയിട്ടാണ് ഇവർ പോയത്. കുടുംബപരമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് പണിപൂർത്തിയാകാത്ത ചെറിയവീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും സീതാലക്ഷ്മിയും മക്കളായ നവമിയും നവനീതും താമസിക്കുന്നത്.