തിരുവല്ല: മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുനിന്ന യുവാവിനെ കമ്പി വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പഴവങ്ങാടി കക്കൂടുമൺ ഓലിക്കൽ വീട്ടിൽ വിഷ്ണു പ്രസാദി (27) നാണ് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. പഴവങ്ങാടി കക്കൂടുമൺ മരങ്ങാട്ടു വീട്ടിൽ ബിനു കുമാർ (38), കക്കൂടുമൺ മരങ്ങാട്ടു വീട്ടിൽ ആദർശ് കുമാർ (18) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു.
പെരുനാട് കക്കൂടുമൺ ജംഗ്ഷനിൽ ഈമാസം 16 ന് രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.രണ്ടാം പ്രതിയായ ആദർശ് കുമാർ ഓടിച്ചുകൊണ്ടുവന്ന സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ഒന്നാം പ്രതി ബിനു കുമാർ വിഷ്ണുപ്രസാദിനെ ചീത്ത വിളിച്ചുകൊണ്ടു തലയുടെ പിന്നിലായി കയ്യിലിരുന്ന കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. താഴെ വീണ വിഷ്ണുവിനെ വീണ്ടും തലക്കടിച്ചപ്പോൾ കൈ കൊണ്ട് തടഞ്ഞതിൽ വലത് കൈമുട്ടിന് മുറിവും ചതവുമുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ് ഐ പ്രാഥമിക അന്വേഷണം നടത്തിയ കേസ്, തലക്കേറ്റ ഗുരുതര പരിക്ക് കണക്കിലെടുത്ത് തുടർന്ന് പൊലീസ് ഇൻസ്പെക്ടർ രാജീവ് കുമാർ ഏറ്റെടുക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിക്കുകയും തുടർന്ന് രണ്ടു ദിവസങ്ങൾക്കകം രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത പൊലീസ് ഒന്നാം പ്രതിയെ പുനലൂർ ഇടമൺ നിന്ന് സ്‌കൂട്ടർ ഉൾപ്പെടെ പിടികൂടി.
ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ രാജീവ് കുമാറിനെ കൂടാതെ എ എസ് ഐ മാരായ റെജി തോമസ്, പ്രസന്നൻ പിള്ള, ഹരിഹരൻ പിള്ള, റോയ് ജോൺ എന്നിവരും ഉണ്ടായിരുന്നു.