കോട്ടയം : മോദി അധികാരത്തിൽ എത്താൻ ശ്രമിക്കുന്നത് മഹാത്മാ ഗാന്ധിയോട് പുറത്ത് നിൽക്കാൻ പറഞ്ഞ ആശയങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ ഡി എഫ് പാർലമെൻ്റ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ജെ പി പറയുന്ന ഹിന്ദുത്വ അല്ല ഹിന്ദു മതം. അതിൽ ഹിന്ദുക്കളുടെ മഹാഭൂരിപക്ഷവും ഇല്ല. വീണ്ടും ബി ജെ പി അധികാരത്തിൽ എത്തിയാൽ ഇവരുടെ ഹിന്ദു രാഷ്ട്രം ആയിരിക്കും സ്ഥാപിക്കപ്പെടുക. ആർ എസ് എസിൻ്റെ ഹിന്ദുത്വത്തെ അംഗീകരിച്ചാൽ മുസ്ലീമിനും ക്രിസ്ത്യാനിക്കും രാജ്യത്ത് പൗരന്മാരായി കഴിയാം എന്നാണ് ബിജെപി പറയുന്നത്. കോൺഗ്രസിൻ്റെ വലിയ പ്രമാണിമാർ രായ്ക്ക് രാമാനം ബി ജെ പി ആകുകയാണ്. ആ കോൺഗ്രസിന് ബി ജെ പി യെ ചെറുക്കാനാവില്ല. ആര് പണിത പാലം ആണ് എങ്കിലും അതിലൂടെ ബി ജെ പി യിലേയ്ക്ക് പോയത് മുഴുവൻ കോൺഗ്രസ് നേതാക്കളാണ്. തുക്ക് സഭ വന്നാൽ ആ രാത്രി അദാനിമാർ മോദിക്ക് വേണ്ടി എം പി മാർക്ക് വില പറയും. അങ്ങിനെ എന്ത് വന്നാലും ബി ജെ പി യിലേയ്ക്ക് പോകാത്തത് ഇടത് പക്ഷത്തെ എം പിമാർ മാത്രമായിരിക്കും. അതിന് തോമസ് ചാഴികാടൻ എം പി കോട്ടയത്ത് നിന്ന് ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രഫ.ലോപ്പസ് മാത്യു സ്വാഗതം ആശംസിച്ചു. രാജ്യത്ത് വ്യത്യസ്തമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ശക്തികളെ കൊല്ലാക്കൊല ചെയ്യുന്നതായി മന്ത്രി വി.എൻ വാസവൻ പറഞ്ഞു. എൽ ഡി എഫ് പാർലമെൻ്റ് നിയോജക മണ്ഡലം കൺവൻഷനിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിലേയ്ക്ക് ഉള്ള റിക്രൂട്ട്മെൻ്റ് ആയി കോൺഗ്രസ് പാർട്ടി. കേരളത്തിൽ നിന്ന് ജയിക്കുന്ന കോൺഗ്രസുകാർ ബിജെപിയിലേയ്ക്ക് പോകാൻ അച്ചാരം വാങ്ങി നിൽക്കുന്നവരാണ്. ഏത് നിമിഷത്തിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നവരുടെ പ്രതിനിധിയാണ് പത്മജ. ഇടത് പക്ഷത്ത് നിന്ന് ആരും ബിജെപിയിലേയ്ക്ക് പോകില്ലന്ന ഗ്യാരണ്ടി ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ ഇടത്പക്ഷം ഉള്ളത് കൊണ്ടാണ് ബി ജെ പി യ്ക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാവാത്തതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു. യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്ന് ഒരു സീറ്റ് പോലും ലഭിക്കാത്ത ബി ജെ പി സംസ്ഥാനത്തെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയമായും സാമ്പത്തികമായും കേരളത്തോട് ബി ജെ പി സർക്കാർ വൈരാഗ്യം തീർക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന സി പി എം നേതാവ് വൈക്കം വിശ്വൻ , സി പി എം ജില്ലാ സെക്രട്ടറി എ.വി റസൽ, സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. വി. ബി ബിനു , സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ , ജെഡി എസ് സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി. തോമസ് , എൻ സി പി വൈസ് പ്രസിഡൻ്റ് ലതിക സുഭാഷ് , ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ , ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് സണ്ണി തോമസ് , കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യു കോലഞ്ചേരി , ജനാധിപത്യ കേരള കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി.സി ജോസഫ് , കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി പി. ഗോപകുമാർ , എം.ജെ ജേക്കബ് (കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ) , ഐ എൻ എൽ ജില്ലാ പ്രസിഡൻ്റ് ജിയാസ് കരിം , സലിം വാഴമറ്റം (ഐ എൻ എൽ അബ്ദുൾ വഹാബ് പക്ഷം ) , എം.കെ ദിലീപ് ( റെഡ് ഫ്ളാഗ് ) , എം.എം ദേവസ്യ ( ജെ എസ് എസ് ) എന്നിവർ പ്രസംഗിച്ചു. എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കോട്ടയം ശാസ്ത്രീ റോഡിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. സിപിഎം നേതാവ് അഡ്വ കെ അനിൽകുമാർ അധ്യക്ഷനായിരുന്നു.