കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിൽ പനച്ചിക്കാട് ക്ഷേത്രത്തിലും പരിസരപ്രദേശത്തും ശല്യമായി കറങ്ങി നടക്കുന്ന വികൃതിക്കുരങ്ങൻ നാട്ടുകാർക്ക് ഭീതിയാകുന്നു. ദിവസങ്ങളോളമായി പ്രദേശത്ത് കറങ്ങി നടക്കുന്ന കുരങ്ങാണ് നാട്ടുകാരെ വട്ടംകറക്കുന്നത്. പനച്ചിക്കാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ ക്ഷേത്രത്തിനു സമീപത്തുളള അംഗൻവാടിയിലാണ് വികൃതിക്കുരങ്ങന്റെ വിളയാട്ടം ഇന്നുണ്ടായത്. അംഗൻവാടിയുടെ ഓടുകൾ മുഴുവൻ ഇളക്കി താഴെയെറിഞ്ഞ കുരങ്ങൻ സമീപത്തെ കടയ്ക്കുള്ളിൽ കയറി, ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളും അകത്താക്കി. കടയ്ക്കുള്ളിൽ കയറിയ ശേഷം ഇവിടെ സൂക്ഷിച്ചിരുന്ന പയറും, മുട്ടയും കൈക്കലാക്കിയ കുരങ്ങൻ, അംഗൻവാടിയുടെ മുകളിലിരുന്നാണ് ഇത് അകത്താക്കുന്നത്. ഇതോടെ നാട്ടുകാരും വലഞ്ഞു തുടങ്ങി. ആകെ അഞ്ച് കുട്ടികളാണ് അംഗൻവാടിയിൽ ഉള്ളതെന്ന് ഹെൽപ്പർ പ്രീത പറയുന്നു. കുട്ടികൾക്ക് പോലും കുരങ്ങന്റെ വിളയാട്ടം ഭീഷണിയായി മാറിയിട്ടുണ്ട്. അടിന്തരമായി വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പഞ്ചായത്തംഗം സുമ മുകുന്ദൻ പറഞ്ഞു. കുരങ്ങിനെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ലെങ്കിൽ നാട്ടുകാർക്ക് വലിയ ഭീതിയാകും ഉണ്ടാകുകയെന്നും അവർ അറിയിച്ചു.