കോരിച്ചൊരിഞ്ഞ മഴയിൽ കരകവിഞ്ഞൊഴുകിയ കക്കാട്ടാറിലൂടെ ഒഴുകിവന്ന കാട്ടുതടികളും മറ്റും പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കൾക്കെതിരെ മൂഴിയാർ പോലീസ് കേസെടുത്തു. സീതത്തോട് കൊച്ചുകോട്ടമൺപാറ തടത്തിൽ വീട്ടിൽ സന്തോഷിന്റെ മകൻ രാഹുൽ (25), കൊച്ചുകോട്ടമൺപാറ പാലക്കൽ സണ്ണിയുടെ മകൻ വിപിൻ സണ്ണി (22), കൊച്ചുകോട്ടമൺപാറ സ്വദേശി പതിനെട്ടുകാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വേണ്ടത്ര മുൻകരുതൽ ഇല്ലാതെയും പൊതുസുരക്ഷ കണക്കിലെടുക്കാതെയും അപകടകരമായ വിധമുള്ള പ്രവൃത്തി ചെയ്തതായി കണക്കിലെടുത്തു യുവാക്കൾക്കെതിരെ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുവാക്കൾ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ, അപകടകരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ കരകവിഞ്ഞൊഴുകിയ കാക്കാട്ടാറിലൂടെ ഒഴുകിവന്ന കാട്ടുതടികളും മറ്റും നീന്തിപിടിയ്ക്കാനായി ശ്രമിച്ചത്. ഇത് മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ, പ്രശസ്തമായ ഒരു സിനിമ പാട്ടിന്റെ പശ്ചാത്തലത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് ഇൻസ്പെക്ടർ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്ന് (04.08.22) ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തു. എസ്ഐ കിരൺ വി എസ്, എസ് സിപിഓ ഷൈൻ കുമാർ, സിപിഓ മാരായ ബിനുലാൽ, ഗിരീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.