അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് മരിച്ചവരിൽ ബിജെപി എംപിയുടെ കുടുംബത്തിലെ 12പേരും. രാജ്കോട്ടിൽ നിന്നുള്ള ബിജെപി എംപി മോഹൻഭായ് കല്യാണ്ജി കുന്ദരിയയുടെ കുടുംബത്തിലെ 12പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ എംപിയുടെ അഞ്ച് മക്കളും ഉൾപ്പെട്ടു. ‘അപകടത്തിൽ അഞ്ച് മക്കൾ ഉൾപ്പെടെ കുടുംബത്തിലെ 12 അംഗങ്ങളെ നഷ്ടപ്പെട്ടു. സഹോദരിയുടെ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു’- മോഹൻഭായ് കല്യാണ്ജി കുന്ദരിയ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. എൻഡിആർഎഫും എസ്ഡിആർഎഫും രക്ഷാപ്രവർത്തനം നടത്തുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. മച്ചു നദിയിലുള്ളവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും എംപി പറഞ്ഞു. ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടുമെന്നും മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നും എംപി പറഞ്ഞു.