ചെന്നൈ: ഐ.പി.എല്ലിന്റെ പുതിയ രാജാക്കന്മാരാരെന്ന് അറിയാൻ ഇനി മൂന്നു ദിവസത്തെ കാത്തിരിപ്പ്. ഞായറാഴ്ച അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് ചെന്നൈ സൂപ്പര്‍ കിങ്സ് നേരത്തെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. നാളെ മുംബൈ ഇന്ത്യൻസിനും ഗുജറാത്ത് ടൈറ്റൻസിനും എതിരെ നടക്കുന്ന മത്സരത്തോടെ ചെന്നൈയുടെ എതിരാളികളുടെ കാര്യത്തിലും തീരുമാനമാകും.
ആദ്യ ക്വാളിഫയര്‍ ജയിച്ച് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചതോടെ വിശ്രമത്തിനും മുന്നൊരുക്കത്തിനുമായി ചെന്നൈയ്ക്ക് നാല് ദിവസമാണ് ഒഴിഞ്ഞുകിട്ടിയിരിക്കുന്നത്. മുംബൈയോ ഗുജറാത്തോ ആരായാലും കലാശപ്പോരാട്ടത്തില്‍ എതിരാളികള്‍ക്കെതിരെയുള്ള തന്ത്രങ്ങളൊരുക്കാനുള്ള മതിയായ സമയം ടീമിനു ലഭിച്ചിരിക്കുന്നു. അതേസമയം, ടീമിന്റെ ചരിത്രത്തിലെ സൂപ്പര്‍ താരങ്ങളിലൊരാളും ഇപ്പോള്‍ ചെന്നൈ ബൗളിങ് കോച്ച് കൂടിയായ ഡ്വെയ്ൻ ബ്രാവോ ഫൈനലില്‍ ആരെ എതിരാളികളായി കിട്ടാനാണ് ആഗ്രഹമെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിക്കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുംബൈയെ പേടിയാണെന്നായിരുന്നു ബ്രാവോ പറഞ്ഞത്. അവരാകരുത് ഫൈനലിലെ എതിരാളികളെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ഗുജറാത്തിനെതിരെ നടന്ന ആദ്യ ക്വാളിഫയര്‍ പോരാട്ടത്തിനുശേഷം മാത്യു ഹെയ്ഡന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബ്രാവോ.
‘ഗുജറാത്തും മുംബൈയും ലഖ്നൗവുമെല്ലാം അപകടകാരികളും ക്വാളിറ്റിയുള്ള ടീമുകളുമാണ്. സത്യസന്ധമായി പറഞ്ഞാല്‍, മുംബൈ ഫൈനലിലെത്തരുതെന്നാണ് വ്യക്തിപരമായ തോന്നല്‍. എന്റെ സുഹൃത്ത് പൊള്ളാര്‍ഡിന് അക്കാര്യം അറിയാം. എല്ലാവര്ക്കും എല്ലാ ആശംസയും നേരുന്നു. ആരാണ് ഫൈനലില്‍ ഞങ്ങളുടെ എതിരാളികളാകുക എന്ന് അറിയാൻ കാത്തിരിക്കുന്നു.’-ബ്രാവോ കൂട്ടിച്ചേര്‍ത്തു.