മുംബൈ: 2006-ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത അബ്ദുൾ വാഹിദ് ഷെയ്ഖ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. അനാവശ്യമായി കുറ്റം ചുമത്തി തടവറയിൽ പീഡിപ്പിച്ചതിന് നഷ്ടപരിഹാരമായി 9 കോടി രൂപ ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മുമ്പാകെ സമർപ്പിച്ച അപേക്ഷയിലാണ് ഷെയ്ഖ് നഷ്ടപരിഹാരവും പുനരധിവാസത്തിനുള്ള സഹായവും ആവശ്യപ്പെട്ടത്.

2006 ജൂലൈ 11ന് മുംബൈയിലെ വെസ്റ്റേൺ റെയിൽവേയുടെ സബർബൻ ശൃംഖലയിലുണ്ടായ ട്രെയിൻ സ്ഫോടനങ്ങളിൽ 180-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. കേസിൽ ഷെയ്ഖിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. മറ്റ് പ്രതികളെ ഈ വർഷം ജൂലൈയിൽ ബോംബെ ഹൈക്കോടതിയും കുറ്റവിമുക്തരാക്കി.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹാരാഷ്ട്രാ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്ത് ഒമ്പത് വർഷത്തിന് ശേഷം, 2015-ലാണ് പ്രത്യേക കോടതി ഷെയ്ഖിനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കിയത്. തന്റെ കരിയറിനും വിദ്യാഭ്യാസത്തിനും വ്യക്തിജീവിതത്തിനും പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങളുണ്ടാക്കിയെന്നും തടവിലായിരുന്ന കാലം ക്രൂരമായ പീഡനം നേരിടേണ്ടി വന്നുവെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയെന്നും അപേക്ഷയിൽ പറയുന്നു.

കൂടാതെ ഭീകരവാദിയെന്ന ദുഷ്പേര് കാരണം ജയിൽമോചിതനായ ശേഷം തനിക്ക് ജോലി കണ്ടെത്താൻ ബുദ്ധിമുട്ടനുഭവിച്ചതായും ഷെയ്ഖ് പറഞ്ഞു. നിലവിൽ സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്ന താൻ കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമാണെന്നും, ജയിലിലായിരുന്നപ്പോൾ തന്റെ കുടുംബം സാമൂഹികമായും വൈകാരികമായും സാമ്പത്തികമായും ദുരിതമനുഭവിച്ചെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു. ചികിത്സയ്ക്കും ജീവിതച്ചെലവുകൾക്കുമായി ഏകദേശം 30 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായതായും ഷെയ്ഖ് അവകാശപ്പെട്ടു.

തന്റെ കൂട്ടുപ്രതികൾ ശിക്ഷിക്കപ്പെട്ടതിനാൽ ധാർമ്മികമായ കാരണങ്ങളാൽ പത്ത് വർഷത്തേക്ക് നഷ്ടപരിഹാരം തേടിയില്ല. എന്റെ എല്ലാ കൂട്ടുപ്രതികളും കുറ്റവിമുക്തരും നിരപരാധികളാണെന്ന് തെളിയിക്കപ്പെടുകയും ചെയ്യുന്നതുവരെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.