കോട്ടയം: 2.36 കോടി രൂപയുടെ പെൻഷൻ ഫണ്ട് ക്രമക്കേടിൽ നടപടിയുണ്ടാകുമെന്നു ഉറപ്പായതോടെ നഗരസഭയിൽ നിന്നും സ്ഥലം വിട്ട് നഗരസഭ സെക്രട്ടറി. നഗരസഭ സെക്രട്ടറി ബി.അനിൽകുമാറിനെതിരെ നടപടിയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ശുപാർശ ചെയ്തതിനു പിന്നാലെയാണ് ഇദ്ദേഹം ഓഫിസിലെത്തി അത്യാവശ്യം വേണ്ട ഫയലുകൾ മാത്രം ഒപ്പിട്ട് ലാപ്ടോപ്പും എടുത്ത് സ്ഥലം വിട്ടത്. ജീവനക്കാർക്കെല്ലാം നന്ദി പറഞ്ഞുള്ള സന്ദേശവും ഇദ്ദേഹം വാട്സ്അപ്പ് ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പു സംബന്ധിച്ചുള്ള വാർത്ത ജാഗ്രത ന്യൂസ് ലൈവ് പുറത്തു വിട്ടത്. നഗരസഭയിലെ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന അഖിൽ സി വർഗീസ് എന്ന ക്ലർക്ക് നാലു വർഷം കൊണ്ട് പല തവണയായി മൂന്നു കോടി രൂപയോളം തട്ടിയെടുത്തതായാണ് വിവരം ലഭിച്ചിരുന്നത്. ഇതേ തുടർന്ന് നഗരസഭയിൽ കടുത്ത പ്രതിഷേധം അടക്കം അരങ്ങേറുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേ തുടർന്ന് നഗരസഭ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വലിയ സാമ്പത്തിക കുറ്റകൃത്യമാണെന്നത് കണക്കിലെടുത്ത് കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയും ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലാണ് നിലവിലിപ്പോൾ കേസ് അന്വേഷിക്കുന്നത്. ഈ കേസിൽ ഇതുവരെ നഗരസഭയിലെ ക്ലർക്ക്, അക്കൗണ്ടന്റ്, സൂപ്രണ്ട്, സെക്രട്ടറിയുടെ പി.എ എന്നിവരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നഗരസഭ സെക്രട്ടറിയ്ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായത്.
ഇന്ന് നഗരസഭ ഓഫിസിൽ എത്തിയ സെക്രട്ടറി ഫയലുകളിൽ അത്യാവശ്യം വേണ്ടപ്പെട്ടതിൽ മാത്രം ഒപ്പിട്ടു. തുടർന്ന്, ലാപ്ടോപ്പ് അടക്കം തിരികെ ഏൽപ്പിച്ചു. ഇതിന് ശേഷം ജീവനക്കാരുടെ വാട്സ്അപ്പ് ഗ്രൂപ്പിൽ സന്ദേശം ഇടുകയും ചെയ്തു. ജാഗ്രത ന്യൂസ് ലൈവാണ് കോട്ടയം നഗരസഭയിൽ നടന്ന മൂന്നു കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ചുള്ള വിവരം പുറത്തു കൊണ്ടു വന്നത്.