മുണ്ടക്കയം ഈസ്റ്റ്: പാലൂർക്കാവ് ലക്ഷംവീട് കോളനിയിൽ കുന്നുംപുറത്തു കുഞ്ഞുമോൻ(58) കൊല്ലപ്പെട്ട സംഭവത്തിൽ കറുകച്ചാൽ മന്തുരുത്തി വെട്ടിക്കാവുങ്കൽ സഞ്ജു (ഷിജു-27) അറസ്റ്റിൽ. പെരുവന്താനം പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിരുവോണത്തലേന്നാണ് കേസിനാസ്പദമായ സംഭവം.
പാലൂർക്കാവിലെ സ്വകാര്യ വ്യക്തിയുടെ വീട് നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു മൂവർ സംഘം ഒന്നിക്കുന്നത്. ഹിറ്റാച്ചി ഓപ്പറേറ്റർ ആയിരുന്നു സഞ്ജു. മഴ മൂലം പണി തടസപ്പെട്ടതോടെ കുഞ്ഞുമോനും സഞ്ജുവും മറ്റൊരു സുഹൃത്തും ചേർന്നു നിർമാണത്തിലിരുന്ന വീടിന്റെ പരിസരത്ത് ഒരുമിച്ചിരുന്നു മദ്യപിച്ചു.
തുടർന്നു വീണ്ടും മദ്യം വാങ്ങാനായി നിർമാണത്തിലിരുന്ന വീടിന്റെ സമീപത്തുകിടന്ന ഇരുമ്പ് കമ്പികൾ മുണ്ടക്കയത്തെ അക്രിക്കടയിൽ വിറ്റു. ആ പണം കൊണ്ട് വീണ്ടും മദ്യം വാങ്ങി. മൂവർ സംഘത്തിൽ ഒരാൾ പിന്നീടു മദ്യം കഴിക്കാതെ ഒഴിവായി. അതോടെ കുഞ്ഞുമോനും സഞ്ജുവും പാലൂർക്കാവിലെ തോട്ടുപുറമ്പോക്കിലിരുന്നു വീണ്ടും മദ്യപിച്ചു.
ഇതിനിടെ, മദ്യത്തിന്റെ പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ കുഞ്ഞുമോനെ പ്രതിയായ സഞ്ജു മാരകമായി മർദിച്ച് ശക്തമായ ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്കു തള്ളിയിട്ടെന്നാണ് കേസ്. മരണം ഉറപ്പാക്കിയ സഞ്ജു ബൈക്കിൽ ഇവിടെനിന്നു രക്ഷപ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് ഇതര സംസ്ഥാനത്തേക്കു കടന്നു. കുഞ്ഞുമോന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയതോടെ പെരുവന്താനം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. അന്വേഷണത്തിൽ കൊലപാതകമാണന്നു തെളിഞ്ഞു. രക്ഷപ്പെട്ട ശേഷം ഇതര സംസ്ഥാനങ്ങളിലുള്ളവരുടെ ഫോണായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്.
സ്വന്തമായുള്ള ഫോൺ സ്വിച്ച് ഓഫ് ചെയ്തതും അന്വേഷണത്തെ ബാധിച്ചു. ട്രെയിനുകൾ കേന്ദ്രീകരിച്ചായിരുന്നു സഞ്ജുവിന്റെ സഞ്ചാരം. ഇതു മനസിലാക്കിയ പെരുവന്താനം പോലീസ് സഞ്ജു സഞ്ചരിക്കുന്ന പ്രദേശങ്ങളിലെല്ലാം പോലീസിനെ നിയോഗിക്കുകയും ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടുകയുമായിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.