മുട്ടില്‍ മരംമുറിക്കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വാദങ്ങൾ തെറ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌

കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസ് കുറ്റപത്രത്തെ കുറിച്ച്‌ സ്പെഷ്യല്‍ പ്രോസിക്യൂട്ടർ ഉന്നയിച്ച കാര്യങ്ങള്‍ തെറ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് നല്‍കി. പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കുറ്റപത്രം ദുർബലമാണെന്നുമായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. നിലവിലെ സാഹചര്യത്തില്‍ പ്രോസിക്യൂട്ടറെ മാറ്റിയേക്കുമെന്നാണ് സൂചന. മുട്ടില്‍ മരംമുറിക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വി.വി.ബെന്നി ഡിസംബറിലാണ് കുറ്റപത്രം നല്‍കിയത്. മാർച്ചില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവിനെ സർക്കാർ നിയമിച്ചു. അന്വേഷണ സംഘത്തിന്റെ ശുപാർശ അംഗീകരിച്ചായിരുന്നു ഈ നടപടി. എന്നാല്‍, ചുമതല ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ജോസഫ് മാത്യു കുറ്റപത്രത്തെ പരസ്യമായി വിമർശിച്ചു.

Advertisements

മുൻ ജില്ലാ കളക്ടർ അദീല അബ്ദുള്ളക്ക് എതിരെ മതിയായ കണ്ടെത്തലില്ല, ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ല, കുറ്റപത്രം ദുർബലം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാത്രമല്ല, തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർ അന്വേഷണ ഉദ്യോഗസ്ഥനും എഡിജിപിക്കും കത്തും അയച്ചു. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനും എഡിജിപിയും അടക്കമുള്ളവർ യോഗം ചേർന്ന് പ്രശ്നം വിലയിരുത്തി. പ്രോസിക്യൂട്ടറുടെ വാദം പരിശോധിച്ച്‌ മറുപടി നല്‍കാൻ അന്വേഷണ ഉദ്യോഗസ്ഥനെ എഡിജിപി ചുമതലപ്പെടുത്തി. ആ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം നല്‍കിയത്. പ്രോസിക്യൂട്ടറുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുട്ടില്‍ മരംമുറിക്കാലത്ത് വയനാട് കളക്ടറായിരുന്ന അദീല അബ്ദുള്ളയുടെ മൊഴി എടുത്തില്ലെന്ന ആരോപണം ശരിയല്ല. തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദീലയെ പ്രതിചേർക്കാൻ കഴിയില്ലെന്ന് പൊലീസിന്റെ നിലപാട്. കേസിന്റെ എല്ലാ വശങ്ങളും കൃത്യമായി വിലയിരുത്തി തയ്യാറാക്കിയ കുറ്റപത്രവും ചുമത്തിയ വകുപ്പുകളും നിലനില്‍ക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ വി.വി.ബെന്നി ക്രൈംബ്രാഞ്ച് എഡിജിപി എച്ച്‌.വെങ്കിടേഷിനെ അറിയിച്ചിരിക്കുന്നത്. ഗുരുതരമായ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ നിലവിലുള്ള പ്രോസിക്യൂട്ടർ ജോസഫ് മാത്യുവിനെ മാറ്റിയേക്കും. റോജി അഗസ്റ്റിൻ, ആന്റെ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർ അടക്കം പന്ത്രണ്ട് പേരാണ് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍.

Hot Topics

Related Articles