കോഴിക്കോട്/കൊച്ചി: തീപിടിച്ച എംവി വാൻഹായ് 503 കപ്പല്‍ നിലവില്‍ നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോർട്ട്. നിയന്ത്രണ വിധേയമല്ലെങ്കിലും കപ്പില്‍ മുങ്ങുന്നില്ല എന്നാണ് വിവരം. രക്ഷാ ദൗത്യത്തിന് മറ്റ് കപ്പലുകളുടെ സഹായം ആവശ്യമുണ്ട്. കപ്പൽ കമ്പനിയുടെ സാൽവേജ് മാസ്റ്റർ ദൗത്യത്തിന് എത്ര കപ്പലുകൾ വേണമെന്ന് അറിയിക്കും. അഗ്നിരക്ഷാ സേന ദൗത്യം തുടരുകയാണ്. ഹൈ പവർ ജെറ്റ് സ്പ്രേകൾ ഉപയോഗിച്ച് കൂളിംഗ് ഉറപ്പാക്കും എന്നാണ് വിവരം. ഡോണിയർ വിമാനങ്ങൾ ഉപയോഗിച്ച് കപ്പലിനെ നിരീക്ഷിക്കുന്നത് തുടരുകയാണ്. കപ്പലിൽ തീ പിടിത്തമുണ്ടായ ഭാഗത്തെ തീ അണയുന്നുണ്ടോ എന്നത് വിമാന നിരീക്ഷണത്തിലൂടെ ഉറപ്പാക്കാനാണ് നീക്കം.
കമ്പനിയുടെ സാൽവേജ് ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവര്‍ കോസ്റ്റ് ഗാർഡും നേവിയുമായി ചേർന്ന് ദൗത്യത്തിന്‍റെ ഭാഗമായി. ടഗുകൾ ഉപയോഗിച്ച് ഉള്‍ക്കടലിലേക്ക് കപ്പല്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്. നിലവിൽ സചേത്, സമുദ്ര പ്രഹരി, അർന്വേഷ്, രാജ് ദൂത്, സമർഥ് എന്നീ 5 കോസ്റ്റ് ഗാർഡ് കപ്പലുകളാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. അഗ്നിശമന ഉപകരണങ്ങളള്ളതും, മലിനീകരണം തടയാൻ ഉള്ള സൗകര്യങ്ങളും ഉള്ളതുമായ കപ്പലുകളാണിവ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചരക്ക് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം 18 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി. 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. നാലുപേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് വിവരം. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും കണ്ടെയ്നറുകളിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. തനിയെ തീപിടിക്കുന്നത് ഉൾപ്പടെ നാലുതരം രാസവസ്തുക്കൾ കണ്ടെയ്നറുകളിലുണ്ടെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് തീപിടിത്തമുണ്ടായതിന് 44 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന അഴീക്കൽ പോർട്ടിന്റെ ഓഫീസറും വ്യക്തമാക്കി.
അഴീക്കലിനും ബേപ്പൂരിനുമിടയിൽ അന്തർദേശീയ കപ്പൽ പാതയിലാണ് ചരക്ക് കപ്പലിൽ തീപിടിത്തവും പൊട്ടിത്തെറിയുണ്ടായത്. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പലിൽ അപകടമുണ്ടായത്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന മ്യാന്മാര്‍, ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.