കോട്ടയം: – കേന്ദ്രാവിഷ്കൃത പദ്ധതി ആയ പി.എം.ജി.എസ്.വൈ മൂന്നാം ഘട്ടം പൂർത്തിയാക്കുന്നതിനായി കേരളത്തിന് 300 കോടി രൂപ കൂടി കേന്ദ്ര ഗ്രാമ വികസന വകുപ്പിൽ നിന്നും അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
മൂന്നാം ഘട്ടത്തിൽ നിർമ്മാണത്തിൽ ഇരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും പൂർത്തികരണത്തിനാണ് അധിക തുക അനുവദിച്ചത്.
മൂന്നാം ഘട്ട പദ്ധതി 2024-25 വർഷത്തിൽ പൂർത്തിയാക്കേണ്ടതായിരുന്നു. ഇതിൽ പൂർത്തിയാകാത്ത പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള കാലാവധി ഒരു വർഷം കൂടി കേന്ദ്ര സർക്കാർ ഒരു വർഷം കൂടി നീട്ടിയിരിക്കു കയാണ്. ഇനി കാലാവധി നീട്ടി തരത്തില്ലന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ ടെൻഡർ ചെയ്യാത്തതും പ്രവൃത്തി ആരംഭിക്കാത്തതുമായ പദ്ധതികൾ ഉപേക്ഷിക്കുവാനും, ഇപ്പോൾ നടന്നു വരുന്ന പ്രവൃത്തികൾ മാർച്ച് 31 ന് മുമ്പ് പൂർത്തിയാക്കുന്നില്ലങ്കിൽ അവയും നിർത്തി വയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
പദ്ധതി പൂർത്തിയാക്കാൻ ഒരു വർഷം കൂടി നീട്ടണമെന്ന് സംസ്ഥാന സർക്കാരും കേരളത്തിലെ എം.പി മാരും കേന്ദ്ര ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര സർക്കാർ വിഹിതം 60 ശതമാനവും സംസ്ഥാന സർക്കാർ വിഹിതം 40 ശതമാനവും എന്ന നിരക്കിലാണ് ഈ പദ്ധതിക്ക് വേണ്ടി ചെലവഴിക്കുന്നത്.
ഇപ്പോൾ കേന്ദ്ര സർക്കാർ അനുവദിച്ച തുകക്ക് ആനുപാദികമായിട്ടുള്ള തുക സംസ്ഥാന സർക്കാർ എത്രയും വേഗം അനുവദിച്ച് മുടങ്ങിക്കിടക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.