കോട്ടയം: നാഗമ്പടം ബസ് സ്്റ്റാൻഡിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് ഭിക്ഷാടന മാഫിയ സംഘം. സ്ത്രീകൾ അടക്കമുള്ള മാഫിയ സംഘമാണ് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നത്. ബസുകളിൽ കയറിയിറങ്ങി ഭിക്ഷാടനം നടത്തുന്ന സംഘത്തിനെതിരെ നടപടിയെടുക്കാൻ പൊലീസോ, നഗരസഭ അധികൃതരോ തയ്യാറാകുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യാത്രക്കാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നാഗമ്പടം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ഭിക്ഷാടന മാഫിയ സംഘം സജീവമായിരിക്കുന്നത്. ഈ മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങളാണ് ഇപ്പോൾ നാട്ടുകാർക്കും യാത്രക്കാർക്കും ഒരു പോലെ തലവേദനയായിരിക്കുന്നത്. നിലവിൽ ഇവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഭിക്ഷാടന മാഫിയ സംഘം യാത്രക്കാരിൽ നിന്ന് വൻ പിരിവാണ് നടത്തുന്നത്. ഇത് കൂടാതെയാണ് നാഗമ്പടത്തെ പള്ളിയിൽ ചൊവ്വാഴ്ച ദിവസം അടക്കം പ്രാർത്ഥനയ്ക്ക് എത്തുന്ന ആളുകളിൽ നിന്നും ഇതേ മാഫിയ സംഘം പിരിവ് ഊറ്റിയെടുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ത്രീകളും അംഗപരിമിതരായി എത്തുന്ന ആളുകളുമാണ് ഇത്തരത്തിൽ ഇവിടെ ഭിക്ഷാടനം നടത്തുന്നത്. ഉപജീവനത്തിന് ഭിക്ഷാടനം നടത്തുന്ന ഒന്നോ രണ്ടോ ആളുകളുടെ മറവിൽ തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും നിന്നുള്ള ആളുകളാണ് ഇപ്പോൾ ഇവിടെ ഭിക്ഷാടനം സജീവമായി നടത്തുന്നത്. ഭിക്ഷയെടുക്കുന്നതിനെച്ചൊല്ലി മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതും ഇവിടെ പതിവ് കാഴ്ചയാണ്. ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകൾ തുടർന്നാൽ ഇത് യാത്രക്കാർക്ക് ഭീഷണിയാകുമെന്ന ഭയമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ഭിക്ഷാടന മാഫിയ സംഘത്തെ അമർച്ച ചെയ്യാനും, യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാനും കർശന നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.