കോട്ടയം : നാഗമ്പടം ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. കളത്തിപ്പടി ഗിരിദീപം സ്കൂളിലെ വിദ്യാർത്ഥിനിയാണ് പട്ടിയുടെ അക്രമണത്തിന് ഇരയായത്. നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിൽ രാവിലെ 7 മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ പോകാനായി നാഗമ്പടം സ്റ്റാൻഡിൽ എത്തിയ വിദ്യാർത്ഥിനിയെ അപ്രതീക്ഷിതമായി തെരുവുനായ ആക്രമിക്കുകയായിരുന്നു. നായയുടെ അടുത്ത് നിന്നും ഓടി രക്ഷപെട്ട വിദ്യാർത്ഥിനി ബസിൽ ഇരുന്നു കരയുന്നത് കണ്ടു ബസ് ജീവനക്കാർ കാര്യം തിരക്കിയപ്പോഴാണ് സംഭവം ആളുകൾ അറിയുന്നത്.
കോട്ടയം പാലാ ഈരാറ്റുപേട്ട ചേന്നാട് റൂട്ടിൽ സർവീസ് നടത്തുന്ന എറ്റിഎസ് ബസിലെ ജീവനക്കാരാണ് വിദ്യാർത്ഥിനിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിക്കാൻ ജീവനക്കാർ ഒരുങ്ങിയെങ്കിലും സംഭവം സ്കൂളിൽ അറിയിച്ചിട്ടുണ്ടെന്നും സ്കൂളിൽ എത്തിയ ശേഷം അധ്യാപകർക്കൊപ്പം ആശുപത്രിയിൽ പൊയ്ക്കൊള്ളാമെന്ന് വിദ്യാർത്ഥിനി അറിയിച്ചു. തുടർന്ന് ബസ് ജീവനക്കാരായ ടിന്റു, അനിൽ, പ്രവീൺ എന്നിവർ ചേർന്ന് വിദ്യാർത്ഥിനിയെബസിൽ തന്നെ വേഗം സ്കൂളിൽ എത്തിക്കാൻ വേണ്ടത് ചെയ്തു. ദിവസേന വിദ്യാത്ഥികളും മറ്റു യാത്രക്കാരുമായി ആയിരക്കണക്കിന് ആളുകൾ എത്തുന്ന നാഗമ്പടം ബസ് സ്റ്റാന്റിൽ തെരുവ് നായ്ക്കൾ ആളുകളുടെ പേടി സ്വപ്നമാണ്. നഗരസഭയോ മറ്റ് അധികൃതരോ ഈ വിഷയത്തിൽ നടപടി ഒന്നും സ്വീകരിക്കുന്നുമില്ല.