കോട്ടയം : വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരി മരുന്ന് ഉപയോഗം വ്യാപകമായ സാഹചര്യത്തിൽ സർക്കാരും സമൂഹവും ജാഗ്രതയോടെ ഇടപെടണമെന്ന് എൻ വൈ സി ( എസ്) കോട്ടയം ജില്ലാ പ്രസിഡൻ്റ് പി എസ് ദീപു ആവശ്യപ്പെട്ടു. കേരളത്തിലെ യുവ തലമുറയെ ലഹരി മരുന്ന് കാർന്ന് തിന്നുകയാണ്. ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികൾ ലഹരിയ്ക്ക് അടിമ ആകുകയാണ്. കേരളത്തെ ഭീതിജനകമായ അന്തരീക്ഷത്തിലേയ്ക്ക് മാറ്റിയിരിക്കുന്നു. കേരളത്തിൽ ഇപ്പോൾ നടക്കുന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ ലഹരിയുടെ അതിപ്രസരം കാണാം. ലഹരി ഉപയോഗിക്കുന്നതും അക്രമത്തിൽ ഏർപ്പെടുന്നതും തെറ്റല്ല എന്ന ചിന്താഗതി യുവാക്കൾക്ക് ഇടയിൽ വ്യാപകമായിട്ടുണ്ട്. സോഷ്യൽ മീഡിയയും സിനിമയും ഗെയിമുകളും കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം അടക്കം നിരീക്ഷിക്കാൻ മാതാപിതാക്കൾ തയ്യാറാകണം. സമൂഹത്തിൽ ഒറ്റക്കെട്ടായി എല്ലാവരും മുന്നിൽ നിന്ന് പ്രവർത്തിച്ചാൽ മാത്രമേ ലഹരി എന്ന വിപത്തിനെ തടയാൻ ആകു എന്നും പി എസ് ദീപു പറഞ്ഞു.