ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പൊന്നിൻ തിളക്കവുമായി ഏറ്റുമാനൂർ സ്വദേശി ആർ ശ്രീജിത്ത്. സീനിയർ വിഭാഗം ഫ്രീ ഹാൻഡ് മത്സരത്തിലാണ് ശ്രീജിത്ത് കേരളത്തിന് വേണ്ടി സ്വർണമെഡൽ കരസ്ഥമാക്കിയത്. 65 മുതൽ 80 കിലോ വരെയുള്ള വിഭാഗത്തിൽ ആയിരുന്നു ശ്രീജിത്തിന്റെ മത്സരം. കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, ബീഹാർ, ആന്ധ്രപ്രദേശ്, പഞ്ചാബ്, ആസ്സാം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ വിഭാഗത്തിൽ മത്സര രംഗത്ത് ഉണ്ടായിരുന്നു. ഫൈനലിൽ ഹരിയാന സ്വദേശിയെ തോൽപ്പിച്ചാണ്ശ്രീജിത്ത് സ്വർണ്ണം നേടിയത്. ഏറ്റുമാനൂർ സരസ്വതി മന്ദിരം വീട്ടിൽ രാജുവിന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രീജിത്ത്. എട്ടാം ക്ലാസ് മുതൽ ചെറുവാണ്ടൂർ ശ്രീപതി സി വി എൻ കളരിയിൽ നിന്നും ശ്രീജിത്ത് കളരി അഭ്യസിച്ചിരുന്നു. ചെറുവാണ്ടൂർ കെജി മുരളീധര ഗുരുക്കൾ സ്ഥാപിച്ച ശ്രീപതി സിവിഎൻ കളരിയിലെ മുഖ്യ പരിശീലകനും മുൻ കളരി ചാമ്പ്യനും പോലീസ് സബ് ഇൻസ്പെക്ടറുമായ മനോജ് മുരളീധര ഗുരുക്കൾ, സഹോദരൻ ബിജു മുരളീധര ഗുരുക്കളുടെയും കീഴിലാണ് ശ്രീജിത്ത് പരിശീലനം നേടിയത്. ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിച്ച ശ്രീജിത്തിന് ഭാവിയിൽ കളരി ഇൻസ്പെക്ടർ ആകണം എന്നതാണ് ആഗ്രഹം.