കോട്ടയം : നാട്ടകത്ത് ഷൂട്ടിങ്ങ് റേഞ്ചിൽ നിന്നും ഉന്നം തെറ്റി എത്തിയ വെടിയുണ്ട ജനൽ ചില്ല് തകർത്തു. വെടിയുണ്ടയിൽ നിന്നും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. നാട്ടകം പോളിടെക്നിക് കോളേജിനു സമീപം ബിന്ദു നഗർ ഹൗസിങ്ങ് കോളനിയിൽ ഇടപ്പാലയിൽ അൽക്ക സോണിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നാട്ടകം പോളിടെക്നിക് കോളേജിന് സമീപത്തെ ഷൂട്ടിംങ്ങ് റേഞ്ചിൽ പോലീസ് ഉദ്യോഗസ്ഥർ ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിനിടയാണ് ഉന്നം തെറ്റിയ വെടിയുണ്ട ഇവരുടെ വീടിൻറെ ജനൽ ചില്ല് തകർത്തത്. ശനിയാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. നാട്ടകം ബിന്ദു നഗർ ഹൗസിങ്ങ് കോളനിയിൽ നഗറിൽ ഉള്ളാട്ടിൽ ജേക്കബിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇടപ്പാലയിൽ സോണി , ജിൻസി കുര്യാച്ചൻ ദമ്പതികളുടെ വീടിൻറെ ജനൽ ചില്ലാണ് തകർന്നത്.
ശനിയാഴ്ച രാവിലെ പത്തരയോടെ വീടിൻറെ പിൻഭാഗത്ത് മുറിയിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേൾക്കുകയായിരുന്നു. ഈ സമയം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അൽക്ക ഈ മുറിയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുറിയുടെ ജനലിന് സമീപത്തു നിന്നും ആൽക്കയുടെ സഹോദരിയാണ് വെടിയുണ്ട കണ്ടെത്തിയത്. വീടിൻറെ മതിലിനോട് ചേർന്നാണ് നാട്ടകത്തെ ഷൂട്ടിംഗ് റേഞ്ച്. മുറിക്കുള്ളിൽ നിന്നും വെടിയുണ്ട ലഭിച്ചതോടെ വീട്ടുകാർ ഈ വെടിയുണ്ടയുമായി ഷൂട്ടിംഗ് റേഞ്ച് അധികൃതരെ സമീപിച്ചു. എന്നാൽ ഇവർ വിഷയത്തിൽ ഇടപെടാൻ ആദ്യം തയ്യാറായില്ല. തുടർന്ന്, വീട്ടുകാർ ചിങ്ങവനം പോലീസിൽ പരാതി നൽകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിങ്ങവനം പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴാണ് ഷൂട്ടിംഗ് റേഞ്ച് അധികൃതർ വീട്ടുകാരുമായി സംസാരിക്കാൻ തയ്യാറായത്. തുടർന്ന്, തകർന്ന ജനൽ ചില്ല് നന്നാക്കി നൽകാമെന്ന് ഉറപ്പിൽ വീട്ടുകാർ പരാതി പിൻവലിക്കാൻ തയ്യാറായി. ജില്ലാ കളക്ടർ ചെയർമാനായ ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനത്തിന് എത്തുന്നവരിൽ ഏറിയപങ്കും പോലീസ് ഉദ്യോഗസ്ഥരാണ്. ശനിയാഴ്ച പരിശീലനം നടത്തിയവരും പോലീസ് ഉദ്യോഗസ്ഥർ തന്നെയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മുൻപും സമാന രീതിയിൽ ഇവിടെ വെടിയുണ്ടകൾ സമീപത്തെ വീടുകളിലേക്കും കടയിലേക്കും തെറിച്ചു വീണിട്ടുണ്ടെന്ന് മുൻ നഗരസഭ അംഗം കൂടിയായ അനീഷ് വരമ്പിനകവും ആരോപിക്കുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും വെടിയുണ്ടകൾ സുരക്ഷിതമായി ഷൂട്ടിംഗ് റേഞ്ചിനുള്ളിൽ തന്നെ വീഴുന്നതിനു വേണ്ട ക്രമീകരണം ഇതുവരെയും ഒരുക്കിയിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി.