നവീൻ ബാബുവിന്റെ മരണം : ജില്ലാ കളക്ടറുടെ കത്ത് സ്വീകരിക്കാൻ കഴിയില്ലെന്ന് നവീന്റെ കുടുംബം

പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്റെ കത്ത് സ്വീകരിക്കാൻ കഴിയില്ലെന്ന് മരിച്ച എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബം.നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളെ അറിയിച്ചതായി സി.പി.ഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജി. അഖില്‍ അറിയിച്ചു. കേസില്‍ നിയമസഹായം വേണമെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടതായും അഖില്‍ പറഞ്ഞു.നവീൻ ബാബുവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാൻ കണ്ണൂർ കളക്ടർ താത്പര്യമറിയിച്ചിരുന്നു. പക്ഷേ, കുടുംബം അതിനോട് വിയോജിച്ചു. ഇതേത്തുടർന്നാണ് പത്തനംതിട്ട സബ് കളക്ടർ വഴി കുടുംബത്തിന് കത്ത് കൈമാറിയത്. എന്നാല്‍, ഈ കത്തില്‍ ഔദ്യോഗികമായ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.നവീന്റെ അന്ത്യകർമങ്ങള്‍ കഴിയുന്നതു വരെ താൻ പത്തനംതിട്ടയിലുണ്ടായിരുന്നുവെന്നും നേരില്‍ വന്നു നില്‍ക്കണമെന്നു കരുതിയെങ്കിലും സാധിച്ചില്ലെന്നുമാണ് കത്തില്‍ പറഞ്ഞത്. നവീന്റെ മരണം നല്‍കിയ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇന്നലെ വരെ തന്റെ തോളോടു തോള്‍ നിന്ന് പ്രവർത്തിച്ചയാളാണ് നവീൻ. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തിയായിരുന്നു എട്ടു മാസത്തോളമായി തനിക്കറിയാവുന്ന നവീൻ എന്നും കുടുംബത്തിന് നല്‍കിയ കത്തില്‍ കളക്ടർ അരുണ്‍ കെ. വിജയൻ പറഞ്ഞു.നേരത്തേ കണ്ണൂർ ജില്ലാ കളക്ടർക്കെതിരേ ഗുരുതര ആരോപണവുമായി നവീൻ ബാബുവിന്റെ ബന്ധുവും സി.പി.എം നേതാവുമായ മലയാലപ്പുഴ മോഹനൻ രംഗത്തെത്തിയിരുന്നു. അരുണ്‍ കെ. വിജയനാണ് പി.പി ദിവ്യയെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് വിളിച്ചുവരുത്തിയത് എന്നാണ് അദ്ദേഹം ആരോപിച്ചത്. ദിവ്യയുടെ സൗകര്യപ്രകാരം ചടങ്ങിന്റെ സമയം മാറ്റി എന്നും ആരോപിച്ചു. മാത്രമല്ല വിഷയത്തില്‍ കളക്ടർക്കെതിരേ സിപിഎം പത്തനംതിട്ട നേതൃത്വവും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തുവന്നിരുന്നു.

Advertisements

Hot Topics

Related Articles