‘എന്റെ ശരീരത്തിൽ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആത്മാവ്’; യുവാക്കളെ മര്‍ദ്ദിച്ചും, ബൈക്ക് തകര്‍ത്തും യുവാവിന്റെ പരാക്രമം

തിരുവനന്തപുരം: അടുത്തിടെ അന്തരിച്ച നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവിന്‍റെ പരാക്രമം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്‍റെ പരാക്രമം നടത്തിയത്.  പ്രദേശത്തെ വീടുകളിൽ ബഹളമുണ്ടാക്കുകയും മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ നീക്കിയത്.  പൊലീസ് യുവാവിനെ നെയ്യാറ്റിൻകj ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ ഇന്ന് പുലർച്ചെയോടെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 

Advertisements

ആശുപത്രിയിലെത്തിയ ഇയാൾ ജീവനക്കാരോടടക്കം തട്ടിക്കയറിയെന്നും പൊലീസ് പറ‍ഞ്ഞു. തുടര്‍ന്ന് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിലും ഇയാൾ ബഹളമുണ്ടാക്കിയതോടെ കൈകാലുകൾ ബന്ധിച്ചാണ് പേരൂർക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇയാൾ സമീപത്തെ ക്ഷേത്രത്തിലെ ജീവനക്കാരനാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് ‘ഗോപൻ സ്വാമി’യെന്ന പേര് വൈറലായത്. കഴിഞ്ഞ മാസമാണ് അതിയന്നൂർ കാവുവിളാകത്ത് ഗോപൻസ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അയൽവാസികൾ രംഗത്ത് വന്നത്. വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന കല്ലറ പൊളിച്ച് പരിശോധിച്ചെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കാര്യമായൊന്നുമുണ്ടായില്ല. 

നെയ്ത്തു ജോലിയും ചുമട്ട് തൊഴിലുമൊക്കെ ചെയ്തുപോന്നിരുന്ന ആളാണ്  ‘ഗോപൻ സ്വാമി’ എന്നറിയപ്പെടുന്ന മണിയൻ. അതിയന്നൂർ കാവുവിളാകത്ത് പ്ലാവിളയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്.  പിന്നീട് ചുമട്ടുതൊഴിലിലേക്ക് മാറി. ആത്മീയതയുടെ വഴിയിലേക്ക് മാറിയതോടെയാണ് ഗോപൻ സ്വാമിയെന്ന പേര് സ്വീകരിക്കുന്നതും ക്ഷേത്രം നിർമിച്ച് പൂജ തുടങ്ങിയതും. ഇരുപത്  വർഷത്തിനു മുൻപാണ് കാവുവിളയിൽ സ്ഥലം വാങ്ങി വീടുവെക്കുന്നത്. പിന്നീട് വീടിനോടുചേർന്ന് കൈലാസനാഥൻ മഹാദേവർ ക്ഷേത്രം നിർമിച്ചു.  ഇവിടെ പൂജകള്‍ ചെയ്തു പോന്നിരുന്നു.

രക്ത സമ്മർദവും പ്രമേഹവും കാരണം പാറശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടിയരുന്ന ഗോപൻ  മാസങ്ങളായി പുറത്തിറങ്ങാനാവാതെ കിടപ്പിലുമായിരുന്നു. ജനുവരി ആദ്യവാരം ഗോപൻ സ്വാമി മരിച്ചു. ഗോപന്‍റെ മരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ ജനുവരി 16ന് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി വീണ്ടും സംസ്‌കരിച്ചു. 

ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെയാണ് സ്വാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്നാരോപിച്ച് യുവാവിന്‍റെ പരാക്രമം. മാനസിക പ്രശ്നമുള്ള യുവാവാണെന്ന് കണ്ടതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

Hot Topics

Related Articles