ദില്ലി: എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നം താല്‍ക്കാലികമായി അനുവദിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് ഘടികാര ചിഹ്നവും താല്‍ക്കാലികമായി ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കേസില്‍ കോടതി തീരുമാനം വരും വരെയായിരിക്കും ഇടക്കാല ഉത്തരവ് തുടരുക. ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ താല്‍ക്കാലിക ഉത്തരവ്.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ എന്‍സിപി-സരദ് ചന്ദ്ര പവാര്‍ എന്ന പേര് ഉപയോഗിക്കാൻ സുപ്രീം കോടതിയുടെ നിര്‍ദേശം ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കകം ചിഹ്നം അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശവും നല്‍കിയിരുന്നു. തുടര്‍ന്ന് കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുകയായിരുന്നു. ഇക്കാര്യം കമ്മീഷൻ സുപ്രീം കോടതിയെയും അറിയിച്ചു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻസിപിയിലെ പിളർപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിൽ അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻ സി പി യായി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് എന്‍സിപി ശരദ് പവാര്‍ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോടെ നിലവിലെ എന്‍സിപിയെന്ന പാര്‍ട്ടി പേരും ചിന്ഹവും ഉള്‍പ്പെടെ ശരദ് പവാര്‍ വിഭാഗത്തിന് നഷ്ടമായിരുന്നു. എൻസിപി എന്ന പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിനായിരിക്കും ഇനി ഉപയോഗിക്കാനാകുക. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് ശരദ് പവാര്‍ വിഭാഗം വ്യക്തമാക്കിയിരുന്നത്.